മാനന്തവാടി: വയനാട്-കർണാടക അതിർത്തിയിലെ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ 204 ഗ്രാം മെത്താംഫിറ്റമിനുമായി അഞ്ചുപേർ അറസ്റ്റിലായി. ബംഗളൂരു ഭാഗത്തുനിന്ന് വന്ന കെ.എൽ 12 എൽ 9740 നമ്പർ കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്.
നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവരാണ് അറസ്റ്റിലായത്. യുവാക്കളെത്തിയ ഹ്യുണ്ടായ് ഇയോൺ കാറിന്റെ സ്റ്റിയറിംഗിന് താഴെയുള്ള കവറിംഗിനുള്ളിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. വയനാട് സ്വദേശികളായ ഫൈസൽ റാസി, മുഹമ്മദ് അസനൂൽ ഷാദുലി, സോബിൻ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് വാങ്ങിയ മെത്താഫിറ്റാമിൻ കൽപ്പറ്റ, വൈത്തിരി മേഖലകളിലായി ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് എക്സൈസ് അറിയിച്ചു. രണ്ട് ലക്ഷം രൂപയ്ക്കാണ് ബംഗളൂരുവിലെ മൊത്ത വിൽപനക്കാരനിൽ നിന്ന് മെത്താഫിറ്റാമിൻ വാങ്ങിയത്.
ഗ്രാമിന് 4000 രൂപ നിരക്കിലാണ് ചില്ലറ വിൽപന നടത്താനായിരുന്നു പ്രതികൾ ശ്രമിച്ചത്. ഈ മാസം വയനാട്ടിലെ മൂന്നാമത്തെ ലഹരിമരുന്ന് കേസാണിത്. കേസിൽ വിശദമായ അന്വേഷണമുണ്ടാവുമെന്നും അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്നും എക്സൈസ് അറിയിച്ചു.