ചിലയാളുകള്‍ക്ക് ലഡ്ഡു ഒരു വികാരമാണ്, പ്രത്യേകിച്ച് മധുരപ്രിയർക്ക്. ഇനി പായസം തയ്യാറാക്കുന്ന പോലെ തന്നെ ലഡ്ഡുവും വീട്ടിൽ തയ്യാറാക്കാം. ഇനി കടയില്‍ പോയി വാങ്ങി കഴിക്കേണ്ട കാര്യമില്ല. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം രുചികരമായ ലഡ്ഡു.
ആവശ്യമായ ചേരുവകള്‍
- കടലമാവ് – രണ്ട് കപ്പ്
- പഞ്ചസാര – രണ്ട് കപ്പ്
- ഉണക്കമുന്തിരി – കാല്‍ക്കപ്പ്
- അണ്ടിപ്പരിപ്പ്- കാല്‍ക്കപ്പ്
- കല്‍ക്കണ്ടം- രണ്ട് ടേബിള്‍സ്പൂണ്‍
- നെയ്യ്- മൂന്ന് ടേബിള്‍സ്പൂണ്‍
- ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍
- ബേക്കിംഗ് സോഡ – ഒരു നുള്ള്
- ഫുഡ് കളര്‍- (വേണമെങ്കില്‍) ഏതാനും തുള്ളി
- ഉപ്പ്- കാല്‍ ടീസ്പൂണ്‍
- വെള്ളം- മുക്കാല്‍ക്കപ്പ്
- എണ്ണ – വറുത്തെടുക്കുന്നതിന്
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് കടലമാവ് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. അതിലേക്ക് ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ഇനി ഏകദേശം മുക്കാല്‍ക്കപ്പ് വെള്ളം ആവശ്യാനുസരണം ചേര്‍ത്ത് മാവ് കുഴച്ചെടുക്കു. ഏതാണ്ട് ദോശമാവിന്റെ പരുവത്തില്‍ എത്തണം. ഈ ഘട്ടത്തില്‍ ഫുഡ് കളര്‍ ചേര്‍ക്കാം. ഫുഡ് കളര്‍ ചേര്‍ക്കാത്തവര്‍ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മഞ്ഞക്കളര്‍ നേടാം. ഈ മാവ് പത്ത് മിനിട്ട് മാറ്റിവെക്കുക. ഇനി ഒരു കടായിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. പിന്നീട് തീ മീഡിയത്തിലേക്ക് കുറയ്ക്കുക.
ഇനി തുളകളുള്ള ഒരു തവി എണ്ണയ്ക്ക് മുകളിലായി പിടിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് തവിക്ക് മുകളിലൂടെ പതുക്കെ ഒഴിച്ചുകൊടുക്കുക. ഒഴിച്ചുകൊടുക്കുമ്പോള്‍ തവി വട്ടത്തില്‍ ഇളക്കണം. 5-10 സെക്കന്‍ഡില്‍ കൂടുതല്‍ മാവ് എണ്ണയില്‍ വറുക്കരുത്. ഇങ്ങനെ തയ്യാറായിക്കിട്ടുന്ന മഞ്ഞ ലഡ്ഡുമണികള്‍ക്ക് ബൂണ്ടി എന്നാണ് വിളിക്കുന്നത്. കൂടുതല്‍ വറുത്താല്‍ ബൂണ്ടി ക്രിസ്പി ആയിപ്പോകും. ഇനി പഞ്ചസാരപ്പാനി തയ്യാറാക്കാം. ഒരു പത്രം അടുപ്പില്‍ വെച്ച് അതിലേക്ക് രണ്ട് കപ്പ് പഞ്ചസാര ചേര്‍ക്കുക. അതിലേക്ക് കൃത്യമായി അരക്കപ്പ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തിളച്ച് വരുമ്പോള്‍ അതിലേക്ക് ബൂണ്ടികള്‍ ഇട്ടുകൊടുക്കുക. കൂടുതല്‍ നേരം പാനി തിളപ്പിക്കേണ്ടതില്ല.
ബൂണ്ടി പാനിയില്‍ നന്നായി ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. അതിലേക്ക് ഏലയ്ക്കപ്പൊടി ചേര്‍ക്കുക. പഞ്ചസാരപ്പാനി പകുതിയോളം ബൂണ്ടികള്‍ വലിച്ചെടുക്കുമ്പോള്‍ കുറച്ച് നേരം കൂടി അവ തണുക്കാന്‍ വെക്കുക. ഈ ഘട്ടത്തില്‍ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്ത് ഈ ബൂണ്ടി- പഞ്ചസാര മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഇതോടൊപ്പം ലഡ്ഡുവിന് കൂടുതല്‍ രുചി ലഭിക്കാന്‍ കുറച്ച് നെയ്യും മിശ്രിതത്തിലേക്ക് ചേര്‍ക്കാവുന്നതാണ്. അതോടൊപ്പം കല്‍ക്കണ്ടവും മിശ്രിതത്തിലേക്ക് ചേര്‍ക്കുക. മിശ്രിതത്തിന്റെ ചൂട് കൈകാര്യം ചെയ്യാവുന്ന സ്ഥിതിയില്‍ ആണെങ്കില്‍ ലഡ്ഡു ഉരുട്ടിയെടുക്കാം. ഉരുട്ടുമ്പോള്‍ പതിയെ അമര്‍ത്തി വേണം ലഡ്ഡുവാക്കി എടുക്കാന്‍. ലഡ്ഡുകളെല്ലാം ഉരുട്ടിയെടുത്ത ശേഷം 2-3 മണിക്കൂര്‍ സെറ്റ് ആകാന്‍ വെക്കുക. ഒരു ദിവസം വെച്ച ലഡ്ഡുകള്‍ക്ക് കൂടുതല്‍ രുചിയായിരിക്കും.