ബീഫ് എന്നും മലയാളിക്ക് ഒരു വികാരമാണ്. എപ്പോഴും ബീഫ് കറിയും ബീഫ് റോസ്റ്റും കഴിച്ച് മടുത്തോ? എന്നാല്‍ ഇനി വീട്ടില്‍ അല്പം വെറൈറ്റിയില്‍ ഒരു ബീഫ് കറി തയ്യാറാക്കാം. തേങ്ങാപ്പാല്‍ ചേര്‍ത്ത ബീഫ് കറി. നല്ല കിടിലന്‍ പൊറോട്ട കൂടി ഉണ്ടെങ്കില്‍ സംഗതി ഉഷാര്‍.
ആവശ്യമായ ചേരുവകള്‍
- ബീഫ് – 1 കിലോ
- സവാള – 2 എണ്ണം
- തക്കാളി – 1 എണ്ണം
- ചെറിയ ഉള്ളി – ഒരു പിടി
- പച്ചമുളക് – 3 എണ്ണം
- ഇഞ്ചി – ഒന്നര സ്പൂണ്‍
- വെളുത്തുള്ളി – ഒന്നര സ്പൂണ്‍
- മുളകുപൊടി – ഒന്നര സ്പൂണ്‍
- മല്ലിപ്പൊടി – ഒരു സ്പൂണ്‍
- മഞ്ഞള്‍പൊടി – കാല് സ്പൂണ്‍
- തേങ്ങ ചിരവിയത് -3 സ്പൂണ്‍
- തേങ്ങാപ്പാല്‍- ഒരു കപ്പ്
- തേങ്ങാക്കൊത്ത് – 3 സ്പൂണ്‍
- ബീഫ് മസാല -1 സ്പൂണ്‍
- കുരുമുളക്പൊടി – അര സ്പൂണ്‍
- ഏലയ്ക്ക – 2 എണ്ണം
- പെരുംജീരകം – അര സ്പൂണ്‍
- കറുവപ്പട്ട – ഒരു കഷ്ണം
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായ ബീഫ് നല്ലതുപോലെ വേവിച്ചെടുക്കണം. അതിനായി കുക്കറില്‍ ബീഫ്, സവാള അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയുടെയും പകുതിയും അല്പം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി ഉപ്പ് എന്നിവ കൂട്ടി മിക്സ് ചെയ്ത് നല്ലതുപോലെ വേവിച്ചെടുക്കണം. അതിന് ശേഷം അല്പം തേങ്ങ ചിരവിയതിലേക്ക് കറുവപ്പട്ട, പെരുംജീരകം, ഏലക്ക എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കാം.
ശേഷം ഒരു ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി തേങ്ങക്കൊത്ത് മൂപ്പിച്ചെടുക്കണം. അതിലേക്ക് സവാള, ചെറിയ ഉള്ളി, ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി, എന്നിവ വഴറ്റി ഒന്ന് വാടി വരുമ്പോള്‍ തക്കാളി ഇട്ടു വേവിച്ചെടുക്കണം. അതിന് ശേഷം ഇതിലേക്ക് മസാല പുരട്ടി വേവിച്ച് വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്തു ഇളക്കി,വെള്ളം ഉണ്ടെങ്കില്‍ നല്ലതുപോലെ വറ്റിച്ചു എടുത്ത് കുരുമുളകുപൊടിയും മസാലപൊടിയും തേങ്ങ അരച്ചതും തേങ്ങാപാലും ചേര്‍ത്തു ഇളക്കി നല്ലതുപോലെ കുറുകി വന്നാല്‍ വാങ്ങി വെക്കാം. നല്ല കിടിലന്‍ ബീഫ് തേങ്ങാപ്പാലില്‍ വറ്റിച്ചെടുത്തത് തയ്യാര്‍.