നട്ടെല്ലിനെ ബാധിക്കുന്ന ഒരു രോഗമാണ് സ്കോളിയോസിസ്. സാധാരണ ഒരു വ്യക്തിയെ നമ്മൾ പിന്നിൽ നിന്ന് നോക്കുമ്പോൾ അയാളുടെ നട്ടെല്ല് നിവർന്ന്, നേർരേഖയിൽ കാണപ്പെടും. എന്നാൽ സ്കോളിയോസിസ് ഉണ്ടെങ്കിൽ “S” അല്ലെങ്കിൽ “C” ആകൃതിയിലായിരിക്കും നട്ടെല്ല് കാണുക. സ്കോളിയോസിസ് ഏത് പ്രായക്കാർക്കും വരാം. എന്നാൽ കുട്ടികളിലും കൗമാരക്കാരിലുമാണ് അത് കൂടുതൽ കണ്ടുവരുന്നത്. പ്രത്യേകിച്ച് 10നും 16 വയസിനുമിടയിലുള്ള പെൺകുട്ടികളിൽ. മുതിർന്നവരിൽ നിരന്തരമുള്ള ഉപയോഗത്താൽ ഉണ്ടാകുന്ന തേയ്മാനങ്ങൾ കാരണം നട്ടെല്ലിന് വളവുണ്ടാകാം. പേശികളെയും ഞരമ്പുകളെയും ബാധിക്കുന്ന സെറിബ്രൽ പാൾസി, മസ്കുലാർ ഡിസ്ട്രോഫി തുടങ്ങിയ രോഗങ്ങളുള്ള കുട്ടികളിലും നട്ടെല്ലിന് വളവുണ്ടാകാം. ഹൃദയസംബന്ധമായതും വൃക്കകളെ ബാധിക്കുന്നതുമായ അസുഖങ്ങൾ ജന്മനായുള്ള കുട്ടികളിലും നട്ടെല്ലിലെ വളവ് നേരത്തെ തിരിച്ചറിയാറുണ്ട്. അത് ആ രോഗങ്ങളോട് അനുബന്ധമായി ഉണ്ടാകുന്ന സ്കോളിയോസിസ് ആണ്. എന്നാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത കുട്ടികളിലും വളരെ ചെറുപ്പത്തിലേ ഉണ്ടാകുന്ന സ്കോളിയോസിസിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയെ ഇഡിയോപ്പതിക് സ്കോളിയോസിസ് എന്നാണ് വിളിക്കുന്നത്. നട്ടെല്ലിന് വളവുമായി ആശുപത്രിയിലെത്തുന്ന 80% കുട്ടികളിലും ഈ അവസ്ഥയാണ് കണ്ടുവരുന്നത്. ശരീരത്തിൽ അസ്വാഭാവികമായ ചരിവോ വടിവോ ഉണ്ടാകുമ്പോൾ മാതാപിതാക്കളോ അധ്യാപകരോ ആയിരിക്കും ഇത് ആദ്യം ശ്രദ്ധിക്കുക. സ്‌കൂളുകളിലും മറ്റും സ്ക്രീനിങ് പതിവാക്കിയാൽ ഈ രോഗം നേരത്തെ കണ്ടുപിടിക്കാനും ചികിൽസിച്ചു ഭേദമാക്കാനും കഴിയും.
ചരിഞ്ഞ നടത്തം, ഉന്തിയ മാറിടം; ലക്ഷണങ്ങൾ പലത്
വളവ് എത്രത്തോളമുണ്ട് എന്നതനുസരിച്ച് സ്കോളിയോസിസിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. നേരിയ വളവുകൾ ആദ്യം ശ്രദ്ധയിൽപ്പെടാറില്ല. മറ്റെന്തെങ്കിലും ആവശ്യത്തിന് എക്സ്റേ എടുക്കുമ്പോഴായിരിക്കും അവ ശ്രദ്ധയിൽപ്പെടുക. വളവ് 30 ഡിഗ്രിക്ക് മുകളിലാകുമ്പോൾ ശരീരവടിവിൽ മാറ്റങ്ങൾ കണ്ടുതുടങ്ങും.
നിരപ്പല്ലാത്ത തോളുകളും ചരിഞ്ഞ കഴുത്തുമാണ് പ്രധാന ലക്ഷണങ്ങൾ. ഇടുപ്പിലും ഒരു ചരിവ് കാണാം. അരക്കെട്ടിന്റെ ഒരു ഭാഗം ഉയർന്നിരുന്നാൽ സ്കോളിയോസിസ് സംശയിക്കണം. നടക്കുമ്പോഴും നിൽക്കുമ്പോഴും ഒരു വശത്തേക്ക് ചരിവും കാണാറുണ്ട്. കുനിയുമ്പോൾ തോൽപ്പലക തള്ളിനിൽക്കുന്നുണ്ടോ എന്നും നോക്കണം. സ്കോളിയോസിസ് ഉള്ള പെൺകുട്ടികളിൽ അവരുടെ മാറിടം കൂടുതൽ ഉന്തിനിൽക്കുന്ന ശരീരപ്രകൃതമുണ്ടാകാം. കാലുകൾക്ക് നീളവ്യത്യാസം കാണപ്പെടാറുമുണ്ട്. അപൂർവം ചില കുട്ടികൾക്ക് മാത്രമേ സ്കോളിയോസിസ് കാരണം നടുവേദന ഉണ്ടാകാറുള്ളൂ. എന്നാൽ എല്ലാ നടുവേദനയും സ്കോളിയോസിസ് അല്ല. നേരിട്ടുള്ള ശാരീരിക പരിശോധനയിലൂടെ തന്നെ ഒരു ഡോക്ടറിന് സ്കോളിയോസിസ് തിരിച്ചറിയാൻ കഴിയും. എക്‌സ്‌റേയിലൂടെ നട്ടെല്ലിന്റെ വളവ് എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.
ശസ്ത്രക്രിയ ഗർഭധാരണത്തിന് തടസ്സമാകുമോ?
കുട്ടിയുടെ പ്രായം, വളവിന്റെ തോത് എന്നിവ കണക്കിലെടുത്താണ് ഏത് ചികിത്സ വേണമെന്ന് തീരുമാനിക്കുന്നത്. 10 ഡിഗ്രി വരെയുള്ള വളവുകൾ എല്ലാ മനുഷ്യരിലും സ്വാഭാവികമായിട്ടാണ് ഇപ്പോൾ കണക്കുന്നത്. ഇത്തരം നേരിയ വളവുകൾക്ക് നിരീക്ഷണമാണ് പ്രധാനം. വളരുന്ന കുട്ടികളിൽ ചിലപ്പോൾ അത് തനിയെ ഭേദമാകാം. കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ നടത്തി വളവ് കൂടുന്നില്ല എന്നുറപ്പാക്കണം. എന്നാൽ മിക്കവരും പ്രകടമായ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നത് വളവ് കൂടുമ്പോഴാണ്. 25 മുതൽ 40 ഡിഗ്രി വരെ ചെരിവുള്ള കുട്ടികൾക്ക് ബെൽറ്റുകളും വളയങ്ങളും ഉപയോഗിക്കേണ്ടിവരും. നട്ടെല്ല് കൂടുതൽ വളയാതിരിക്കാൻ ഒരുപരിധിവരെ അത് സഹായിക്കുമെങ്കിലും പൂർണമായും രോഗം ഭേദമാകില്ല. ഡോക്ടറുടെ നിർദേശം പൂർണമായും അനുസരിച്ച്, കൃത്യമായി ബെൽറ്റിട്ടാൽ മാത്രമേ പ്രയോജനമുള്ളു. പല കുട്ടികൾക്കും ആദ്യം ബെൽറ്റ് ഇട്ടാലും പിന്നീട് ശസ്ത്രക്രിയ വേണ്ടിവരാറുണ്ട്.
40-50 ഡിഗ്രിയിൽ കൂടുതലുള്ള വളവുകൾക്ക് ശസ്ത്രക്രിയ മാത്രമാണ് പോംവഴി. സ്‌പൈനൽ ഫ്യുഷൻ എന്ന ശസ്ത്രക്രിയാരീതിയാണ് ഏറ്റവുമധികം ചെയ്തുവരുന്നത്. വളവുള്ള ഭാഗത്തെ കശേരുക്കളെ പിരിയാണികളും ഇമ്പ്ലാന്റുകളും ഉപയോഗിച്ച് ചേർത്തിടുന്ന രീതിയാണിത്. കുട്ടികളുടെ നട്ടെല്ലിന്റെ വളർച്ചയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ പരിഹാരം കാണാവുന്ന കൂടുതൽ നൂതനമായ ശസ്ത്രക്രിയാ രീതികളും ഇപ്പോഴുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ഈ രീതിയാണ് അനുയോജ്യം. നട്ടെല്ല് പൂർണ്ണവളർച്ചയെത്തിയ ശേഷം ചില കുട്ടികൾക്ക് ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരാം.
ചിലർ ഭയം കാരണം ശസ്ത്രക്രിയ വേണ്ടെന്ന് തീരുമാനിക്കാറുണ്ട്. 40 ഡിഗ്രിയിൽ കൂടുതലുള്ള വളവുകൾക്കും നിർബന്ധിച്ച് ബെൽറ്റിട്ടാൽ കുട്ടിക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകും. കുട്ടി വളരുന്തോറും അവരുടെ ജീവിതനിലവാരത്തെ അത് ബാധിക്കും. ഒടുവിൽ ലക്ഷണങ്ങൾ അസഹനീയമാകുമ്പോൾ ശസ്ത്രക്രിയ ഒഴിച്ചുകൂടാനാവാത്ത സാഹചര്യമുണ്ടാകാം. അപ്പോഴേക്കും വളവ് ഉറച്ചുപോവുകയും സർജറി സങ്കീർണമാകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഞരമ്പുകൾക്ക് പരിക്കുണ്ടാകാനും ഭാവിയിൽ മെയ്‌വഴക്കം കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട്, വളരുന്ന പ്രായത്തിൽ എത്രയും നേരത്തെ ശസ്ത്രക്രിയ പൂർത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം. 14-16 വയസിനിടയിലാണ് ശസ്ത്രക്രിയക്ക് ഏറ്റവും അനുയോജ്യമായ കാലയളവ്. ശസ്ത്രക്രിയ കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് മാസം ശ്രദ്ധയും വിശ്രമവും അനിവാര്യമാണ്. ഈ സമയത്ത് നടക്കാനും മറ്റും കഴിയുമെങ്കിലും ഭാരമുള്ള വസ്തുക്കൾ ഉയർത്താനോ കുനിയാനോ പാടില്ല. മൂന്ന് മാസത്തിന് ശേഷം സ്‌കൂളിൽ പോകാനും സാധാരണ കുട്ടികളെ പോലെത്തന്നെ കളിക്കാനും കഴിയും.
പലരെയും ശസ്ത്രക്രിയയിൽ നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ആശങ്ക, അവരുടെ പെൺകുട്ടിക്ക് വിവാഹമാകുമ്പോൾ ഗർഭംധരിക്കാൻ കഴിയുമോ എന്നതാണ്. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ തീർച്ചയായും കഴിയും എന്നതാണ് അതിനുള്ള ഉത്തരം. സ്കോളിയോസിസിന് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടികൾക്കും സാധാരണ പോലെ ഗർഭം ധരിക്കാനും പ്രസവിക്കാനും കഴിയും. സ്കോളിയോസിസ് കാരണം ഗർഭകാലത്ത് സങ്കീർണതകൾ ഉണ്ടാകുന്ന സാഹചര്യം വളരെ വളരെ അപൂർവമാണ്. എങ്കിലും ശസ്ത്രക്രിയ നടത്തിയ വിവരം ഡോക്ടറെ അറിയിക്കുന്നത് നല്ലതാണ്.
ശസ്ത്രക്രിയ കഴിഞ്ഞവരിൽ ഭാവിയിൽ നേരിയ നടുവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതൊരിക്കലും ശസ്ത്രക്രിയയുടെ കുഴപ്പമല്ല. സ്കോളിയോസിസ് എന്ന രോഗത്തിന്റെ പ്രശ്നമാണ്. ലളിതമായ വ്യായാമങ്ങൾ ശീലമാക്കിയും ശരീരഭാരം കൂടാതെ നോക്കിയും നല്ല ജീവിതശൈലി പിന്തുടർന്നും ആ നടുവേദന നിയന്ത്രിക്കാനാകും. എന്നാൽ മെയ്‌വഴക്കം കൂടുതൽ ആവശ്യമുള്ള ചില വ്യായാമങ്ങൾ ഒഴിവാക്കണം. സ്‌കൂളിലും കോളേജിലും മറ്റുമുള്ള ഓട്ടമത്സരം, ഡാൻസ് എന്നിവയിൽ ഭാഗമാകുന്നതിന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല. ജനസംഖ്യയുടെ ഒരു ശതമാനം ആളുകളിലാണ് സ്കോളിയോസിസ് കാണപ്പെടുന്നത്. അതിൽത്തന്നെ ശസ്ത്രക്രിയ വേണ്ടിവരുന്നവർ കുറവാണ്. എന്നാൽ ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കിലും അത് ചെയ്യുന്നില്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതനിലവാരത്തെ അത് സാരമായി ബാധിക്കും.
വിവരങ്ങൾ നൽകിയത്: ഡോ. രഞ്ജിത് കെ.ആർ, ഓർത്തോപീഡിക് സ്‌പൈൻ സർജറി വിദഗ്ധൻ, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി
content highlight: scoliosis-symptoms-diagnosis-and-treatment