ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കെ ഡി പ്രതാപന് ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിക്കെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് നിരീക്ഷിച്ചു. അതേസമയം തട്ടിപ്പ് കേസിൽ ഝാർഖണ്ഡിലും അന്വേഷണം പുരോഗമിക്കുകയാണ്.
തനിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് ഇഡി അഡിയുടെ അറസ്റ്റെന്ന് ആരോപിച്ചായിരുന്നു പ്രതാപന്റെ ജാമ്യാപേക്ഷ. ഇതിനെതിരെ ഇഡി സത്യവാങ്മൂലവും സമർപ്പിച്ചു. ഈ കേസ് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇഡി വിശദീകരിച്ചു. ഝാർഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും വ്യാപക തട്ടിപ്പ് നടന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ കെ.ഡി പ്രതാപന് ജാമ്യം അനുവദിച്ചാൽ സാക്ഷികളേയും പരാതിക്കാരെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
അതേസമയം പ്രതാപൻ തൃശൂർ കൂടാതെ ഝാർഖണ്ഡ് കേന്ദ്രീകരിച്ച് മറ്റൊരു നിക്ഷേപ തട്ടിപ്പ് കൂടി നടത്തിയിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. എച്ച് ആർ ഇന്നവേഷൻ എന്ന പേരിൽ 24 ദിവസം കൊണ്ട് ഝാർഖണ്ഡിൽ നിന്ന് പ്രതാപൻ 68 ലക്ഷം രൂപയാണ് തട്ടിയത്. ഝാർഖണ്ഡിൽ നിക്ഷേപകരുടെ പേരിൽ തന്നെ മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്തതായിരുന്നു നിക്ഷേപ തട്ടിപ്പ്. ഈ വർഷം ആദ്യം ഹൈറിച്ചിനെതിരെ ഇഡി അന്വേഷണവും ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനും ഇടയിലാണ് പ്രതി തട്ടിപ്പുകൾ ആവർത്തിച്ചത്. ഝാർഖണ്ഡ് കേന്ദ്രീകരിച്ചും ഇ ഡി അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി കെ ഡി പ്രതാപനെ അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കേസിൽ ഇഡിയുടെ അന്വേഷണം തുടരുകയാണ്.