ഗര്‍ഭകാലം കരുതലുകളുടെ കാലം കൂടിയാണ്. ആരോഗ്യമുള്ള കുഞ്ഞ് ജനിയ്ക്കാനായി മുന്‍കരുതലുകളെടുക്കുന്ന കാലം. ഗര്‍ഭകാലത്ത് അത്യാവശ്യമായ പല വൈറ്റമിനുകളുമുണ്ട്. ഇവയുടെ കുറവ് അമ്മയ്ക്കും അതിലേറെ ജനിയ്ക്കാനിരിയ്ക്കുന്ന കുഞ്ഞിനും പല പ്രശ്നങ്ങളുമുണ്ടാക്കാന്‍ സാധ്യതകളേറെയാണ്. ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന വൈറ്റമിന്‍ കുറവാണ് വൈറ്റമിന്‍ ഡിയുടേത്….
ഗുരുതരമായ വൈറ്റമിന്‍ ഡി കുറയുകയാണെങ്കില്‍ കുഞ്ഞിന് കാല്‍സ്യം, വൈറ്റമിന്‍ ഡി കുറവിനുള്ള സാധ്യതയുണ്ട്. ഇതു പോലെ കുഞ്ഞ് ജനിച്ചയുടന്‍ ഫിറ്റ്സ് പോലുള്ള അവസ്ഥയ്ക്ക് സാധ്യത, കുഞ്ഞുങ്ങളില്‍ എല്ലുകള്‍ പൊട്ടാനുള്ള സാധ്യത എന്നിവയ്ക്കെല്ലാം ചാന്‍സുണ്ട്. അതായത് അമ്മയ്ക്ക് മാത്രമല്ല, കുഞ്ഞിനും ഇത് പ്രശ്ന സാധ്യതയാകുന്നുവെന്നര്‍ത്ഥം. വൈറ്റമിന്‍ ഡി ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് കഴിയ്ക്കേണ്ടത്. സൂര്യപ്രകാശത്തില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. വിറ്റാമിന്‍ ഡി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മുട്ട
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറേ നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ഡി സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഡി ഉള്ളതിനാലും പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമായതിനാലും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
മത്സ്യം
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ മത്സ്യമാണ് സാല്‍മണ്‍. ഹൃദയത്തിനും ചര്‍മ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ് സാല്‍മണ്‍ മത്സ്യം. വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയിട്ടുണ്ട് ഈ മത്സ്യത്തില്‍. പ്രത്യേകിച്ച് ‘സാല്‍മണ്‍’ മത്സ്യമാണ് വിറ്റാമിന്‍ ഡിയുടെ ഉറവിടം.
പാല്‍ ഉല്‍പ്പന്നങ്ങള്‍
പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
കൂണ്‍
വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം വരെയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും
ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. ഗോതമ്പ്, റാഗ്ഗി, ഓട്‌സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.