ബംഗളൂരു : കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കവെ നിർണായക വിവരങ്ങൾ പുറത്ത്. തട്ടുകടയുടെ താഴ്ഭാഗം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരു ട്രക്ക് പൂണ്ടു കിടക്കുന്നതിക്കായി സ്ഥിരീകരണം. ഇത് അർജുന്റെ ട്രക്ക് ആണെന്നാണ് കിട്ടുന്ന വിവരം. ഇത് കരയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഒരു ട്രക്ക് വെളളത്തിൽ ലൊക്കേറ്റ് ചെയ്തതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. തിരച്ചിലിൽ അനുകൂല സൂചനകൾ ലഭിച്ചെന്ന് കാർവാർ എംഎൽഎ നേരത്തെ അറിയിച്ചിരുന്നു. ഉത്തര കന്നഡ കളക്ടറും എസ്പിയുടെ ഉൾപ്പെടുന്ന സംഘവും കര-നാവിക സേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കരസേനയും നാവികസേനയും ചേർന്ന് പുഴയുടെ തീരം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുളള കയറിന്റെ കഷ്ണം നേരത്തെ തെരച്ചിലിൽ കണ്ടെത്തിയിരുന്നു.