സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ് (ന്യൂട്രാസ്യൂട്ടിക്കല്‍സിനായുള്ള മികവിന്റെ കേന്ദ്രം) തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിഐ എസ് സി), കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് (കെഎസ് സിഎസ്ടിഇ), കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് ന്യൂട്രാസ്യൂട്ടിക്കല്‍സിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ്‌സയന്‍സ് പാര്‍ക്കില്‍ ഇതിനായുള്ള സ്ഥലം അനുവദിച്ചു. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിന് ബയോലൈഫ് സയന്‍സ് പാര്‍ക്കിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജിയുടെ, നിലവിലുള്ള സൗകര്യത്തില്‍ താല്‍ക്കാലികമായി ആവശ്യമായ പരീക്ഷണശാലകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
എന്താണ് ന്യൂട്രാസ്യൂട്ടിക്കല്‍സ്?
ശരീരത്തിന് രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യസംരക്ഷകമോ ആയ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന നിരവധി പോഷകങ്ങള്‍ നമ്മുടെ പ്രകൃതി വിഭവങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പോഷകങ്ങളെയാണ് ‘ന്യൂട്രാസ്യൂട്ടിക്കല്‍സ്’ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രത്യേക പോഷക ഗുണങ്ങളുള്ള ഇവ, സാധാരണ ഭക്ഷണ വസ്തുക്കളേക്കാള്‍ കൂടുതല്‍ ആരോഗ്യ ഗുണങ്ങളുള്ളവയാണ്. പ്രവര്‍ത്തനക്ഷമമായ ഭക്ഷണങ്ങള്‍ (പരമ്പരാഗത ഭക്ഷണങ്ങളോട് സാമ്യമുള്ളതും എന്നാല്‍ നല്ല ശാരീരിക ഗുണങ്ങളുള്ളതുമായ ഉല്‍പ്പന്നങ്ങള്‍), ഭക്ഷണ സപ്ലിമെന്റുകള്‍ (പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍), പ്രകൃതിദത്ത ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന, രോഗ പ്രതിരോധകങ്ങളായ മിശ്രിതങ്ങള്‍, ശുദ്ധമായ സംയുക്തങ്ങള്‍ എന്നിങ്ങനെ വിശാലമാണ് ന്യൂട്രാസ്യൂട്ടിക്കലുകളുടെ ലോകം. പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതിനാലും പ്രകൃതിജന്യവസ്തുക്കളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നവയായതിനാലും പൊതുജനങ്ങള്‍ക്കിടയില്‍ ഇവയ്ക്ക് സ്വീകാര്യത ഏറെയാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും, ന്യൂട്രാസ്യൂട്ടിക്കലുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രമേഹം, അലര്‍ജി, അല്‍ഷിമേഴ്‌സ്, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, നേത്രരോഗങ്ങള്‍, പാര്‍ക്കിന്‍സണ്‍സ്, അമിതവണ്ണം തുടങ്ങിയവയ്‌ക്കെതിരെയും ന്യൂട്രാസ്യൂട്ടിക്കല്‍സ് ഉപയോഗിക്കാം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
എന്തുകൊണ്ട് കേരളം?
അതിവിശാലമായ ജല ആവാസവ്യവസ്ഥകള്‍, തീരപ്രദേശം, വനം, പശ്ചിമഘട്ടം എന്നിവയാല്‍ സമ്പന്നമാണെങ്കിലും, സസ്യങ്ങളുടെയും സമുദ്രജലവിഭവങ്ങളുടെയും വിപുലമായ ലഭ്യത പ്രയോജനപ്പെടുത്തുന്നതിന് പറ്റിയ സ്ഥാപനങ്ങളൊന്നും കേരളത്തില്‍ നിലവിലില്ല. ഇവയെപ്പറ്റി പഠിക്കുകയും, മികച്ചവയെ വാണിജ്യ വല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ്’ ലക്ഷ്യമാക്കുന്നത്. നിലവിലുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ സുരക്ഷ ഉറപ്പാക്കുകയും വാണിജ്യവല്‍ക്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ പുതിയവയെ കണ്ടെത്തുകയും, അവയുടെ ഗുണങ്ങളുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി, പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപവല്‍ക്കരിക്കുകയും ചെയ്യുന്ന, ഗവേഷണ കേന്ദ്രമാണ് പദ്ധതിയുടെ ലക്ഷ്യം. കേരളം ഇന്ത്യയുടെ ഹെര്‍ബല്‍/ ആയുര്‍വേദ/ സുഗന്ധവ്യഞ്ജന/ സമുദ്രഭക്ഷ്യ തലസ്ഥാനമായതിനാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ ഈ അവസരം മുതലെടുക്കാനും വലിയ വിജയമാക്കി മാറ്റാനും സാധിക്കും. ആയുര്‍വേദത്തിന്റെ നാടായ ഇന്ത്യ, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്ന ആശയത്തിന്റെ ജന്മദേശമാണ്. ഇന്‍വെസ്റ്റ് ഇന്ത്യ പഠന പ്രകാരം ഭക്ഷണ സപ്ലിമെന്റുകളുടെ ആവശ്യം ഉയരുന്നതു കാരണം 2025ല്‍ ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കല്‍ വിപണി 18 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉയര്‍ന്ന ജൈവവൈവിധ്യം, കരുത്തുറ്റ കാര്‍ഷിക ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍, ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയവ്യക്തികളുടെ എണ്ണം, എന്നിവയാല്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വ്യാവസായികമേഖലയില്‍ ഒരിടം നേടാന്‍ ഇന്ത്യയ്ക്ക് കഴിയും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ, അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ ആധിക്യം, എന്നിവയാല്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ഏറ്റവുമധികം അനുയോജ്യമാണ് കേരളം. ആഗോളതലത്തില്‍ ഇന്ത്യ, പ്രത്യേകിച്ച് കേരളം, ഒരു ജൈവവൈവിധ്യ ‘ഹോട്ട്‌സ്‌പോട്ട്’ ആയതിനാല്‍ നമ്മുടെ ജൈവവ്യവസ്ഥയും പ്രതിഭാനൈപുണ്യവും പ്രയോജനപ്പെടുത്തി ഈ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതുവഴി, മികച്ചവിദേശനാണ്യവും നല്ലതൊഴില്‍സാധ്യതയും സൃഷ്ടിക്കുന്നതിന് നമുക്ക് കഴിയും.