ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണെന്ന കാര്യം ഏവര്‍ക്കും അറിയാം. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗം വര്‍ദ്ധിക്കാന്‍ ഇടയായിട്ടുണ്ട്. ഹൃദയ ധമനിയായ കൊറോണറി ആര്‍ട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തല്‍ഫലമായി, ഹൃദയപേശികള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും ലഭ്യമാകാതെ ഹൃദയം പ്രവര്‍ത്തനരഹിതമാകുന്നു.
നിങ്ങള്‍ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഒരാളാണെങ്കില്‍, നിങ്ങള്‍ക്ക് അമിതമായ ശരീരഭാരമോ, പ്രമേഹമോ, ഉയര്‍ന്ന കൊളസ്‌ട്രോളോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഉണ്ടെങ്കില്‍ ഇടയ്ക്കിടയ്ക്ക് ഡോക്ടറെ ചെന്നു കണ്ട് രോഗനിര്‍ണയം നടത്തുന്നത് നന്നായിരിക്കും.
ഹൃദയാഘാതം, അഥവാ ഹാര്‍ട്ട് അറ്റാക്ക്, രോഗികളെ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നത് സമയബന്ധിതമായ ചികിത്സയുടെ അഭാവത്തിലാണ്. രോഗിക്കോ കൂടെയുള്ളവര്‍ക്കോ ഹൃദയാഘാതം തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നതാണ് ഏറ്റവും വലിയ ‘റിസ്‌ക്’. ഇതാണ് ചികിത്സയെടുക്കുന്നതിനും വൈകിക്കുന്നത്.
കൃത്യമായസമയത്ത് ചികിത്സ ലഭിക്കണമെങ്കില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നാം മുന്‍കൂട്ടി മനസിലാക്കേണ്ടതായുണ്ട്. ചില ലക്ഷണങ്ങള്‍ നമുക്ക് പരിശോധിക്കാം;
-
നെഞ്ചുവേദന: നിങ്ങളുടെ ഹൃദയം അപകടത്തിലാണ് എന്നുള്ളതിന്റെ ഏറ്റവും പ്രധാന സൂചനയാണ് നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചിന്റെ മധ്യഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥത. നിങ്ങളുടെ ഹൃദയ ധമനികളില്‍ ഏതെങ്കിലും രീതിയിലുള്ള തടസ്സം നേരിടുകയാണെങ്കില്‍ നെഞ്ചില്‍ വേദനയും മുറുക്കവും എരിച്ചിലും സമ്മര്‍ദ്ദവും ഒക്കെ അനുഭവപ്പെടാം. ഈ ലക്ഷണം ഒരിയ്ക്കലും അവഗണിക്കരുത്. ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
2. കൈകള്‍, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം തുടങ്ങിയ ശരീരത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ വേദന, അസ്വസ്ഥത അല്ലെങ്കില്‍ മരവിപ്പ്
3. ശ്വാസതടസ്സം ഒപ്പം നെഞ്ചില്‍ അസ്വസ്ഥത
4. വിയര്‍ക്കുക, ഒപ്പം തണുപ്പ് അനുഭവപ്പെടുക.
5. ഓക്കാനം, വിശപ്പില്ലായ്മ അല്ലെങ്കില്‍ ഛര്‍ദ്ദി
6. തലകറക്കം, ശരീരം തളര്‍ന്ന് പോകുന്ന അവസ്ഥ
7. ക്രമരഹിതമായ ഹൃദയമിടിപ്പ്
8. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ദിവസങ്ങളില്‍ കഠിനവും വിശദീകരിക്കാനാകാത്തതുമായ ബലഹീനത അല്ലെങ്കില്‍ ക്ഷീണം
ഇത്തരത്തില്‍ ഹൃദയാഘാതത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെങ്കില്‍ ഉടനടി സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.