പട്ടികജാതി-പട്ടികവര്‍ഗ്ഗ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് ഒരു പ്രത്യേക കോടതി സ്ഥാപിക്കും. പുതുതായി മൂന്ന് തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇടമലയാര്‍ കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താല്‍ക്കാലിക കോടതിയില്‍ നിന്ന് ആറ് തസ്തികകളും മാറാട് കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താല്കാലിക കോടതിയില്‍ നിന്ന് ഒരു തസ്തികയും ട്രാന്‍സ്ഫര്‍ ചെയ്തു കൊണ്ടാണ് കോടതി സ്ഥാപിക്കുക. സ്‌പെഷ്യല്‍ ജഡ്ജ് (ജില്ലാ ജഡ്ജ്) – 1, ബഞ്ച് ക്ലാര്‍ക്ക് -1, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് -1 എന്നിങ്ങനെ മൂന്ന് തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ശിരസ്തദാര്‍ – 1, യു.ഡി ക്ലാര്‍ക്ക് – 1, എല്‍ഡി ടൈപ്പിസ്റ്റ് – 1, ഡഫേദാര്‍ – 1, ഓഫീസ് അറ്റന്റന്റ് – 2, കോര്‍ട്ട് കീപ്പര്‍ – 1 എന്നിങ്ങനെ എഴ് തസ്തികകളാണ് താല്‍ക്കാലിക കോടതികളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുക.
സംസ്ഥാനത്ത് ജില്ലാ പദ്ധതി പരിഷ്‌ക്കരിച്ച് തയ്യാറാക്കുന്നതിനായി ആസൂത്രണ ബോര്‍ഡ് തയ്യാറാക്കി സമര്‍പ്പിച്ച കരട് മാര്‍ഗരേഖ അംഗീകരിച്ചു. ജില്ലാ ആസൂത്രണ സമിതി വിഭാവനം ചെയ്യുന്ന സമഗ്രമായ ദീര്‍ഘകാല വികസന പരിപ്രേഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്. ഈ പദ്ധതി വിവിധ വകുപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കും. ജില്ലയുടെ സമഗ്ര വികസന പരിപാടി ആവിഷ്‌ക്കരിക്കുന്നതിനുള്ള വിശദമായ ചട്ടക്കൂടാണ് ജില്ലാ പദ്ധതി. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കും. 01.07.2019 പ്രാബല്യത്തിലാണ് പരിഷ്‌കരണം. ഹൈക്കോടതിയിലെ നിലവിലുള്ള സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ എന്നിവരുടെ പുനര്‍നിയനം സംബന്ധിച്ച് തീരുമാനമായി. 17 സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ക്ക് 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് പുനര്‍നിയമനം നല്‍കും. സീനിയര്‍ ഗവ.പ്ലീഡര്‍മാരുടെ പട്ടികയിലുള്ള 49 സീനിയര്‍ ഗവ.പ്ലീഡര്‍മാര്‍ക്കും ഗവ പ്ലീഡര്‍മാരുടെ പട്ടികയിലുള്ള 48 ഗവ. പ്ലീഡര്‍മാര്‍ക്കും 01.08.2024 മുതല്‍ മൂന്ന് വര്‍ഷത്തേക്കോ 60 വയസ് പൂര്‍ത്തിയാകുന്നത് വരെയോ എതാണോ ആദ്യം അതുവരെയും പുനര്‍നിയമനം നല്‍കും. എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശി വി മനുവിനെ അഡ്വക്കറ്റ് ജനറലിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും. സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ (വ്യവസായം) എന്ന തസ്തികയെ സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍ പൊതുവിദ്യാഭ്യാസം എന്ന് പുനക്രമീകരിച്ച് നിലവിലെ സ്‌പെഷ്യല്‍ ഗവ.പ്ലീഡറായ ചേര്‍ത്തല തുറവൂര്‍ സ്വദേശി പി സന്തോഷ്‌കുമാറിനെ 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും. പുതുതായി നിലവില്‍ വന്ന അട്ടപ്പാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യുട്ടറുടെ തസ്തിക സൃഷ്ടിക്കും.
2024-2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ വിഹിതത്തില്‍ നിന്ന് 50 കോടി രൂപ ചെലവാക്കി, പമ്പാ നദീതടത്തിലെ (ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ) അര്‍ഹതയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്, മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് ഗ്രാന്റ് നല്‍കുന്നതിന് അംഗീകാരം നല്‍കി. ഉള്‍നാടന്‍ ജലപാതകള്‍ മുഖേനയുള്ള ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ചരക്കു നീക്കത്തിന് സബ്സിഡി നല്‍കുന്ന സബ്സിഡി സ്‌കീം 27/11/2021 മുതല്‍ 3 വര്‍ഷത്തേക്ക് കൂടി തുടരുന്നതിന് അനുമതി നല്‍കി. ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ചരക്ക് ഗതാഗതം, ജല ഗതാഗതം, വിനോദസഞ്ചാരം എന്നിവയുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പട്ടയ ഭൂമികളില്‍ ക്വാറി/ ക്രഷര്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി പുറപ്പെടുവിച്ച 11.11.2015ലെ ഉത്തരവ് റദ്ദാക്കി. കേരള ഭൂപതിവ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായതിനാലാണിത്. മലപ്പുറം സഹകരണ സ്പിന്നിങ്ങ് മില്ലിലും ടെക്‌സ്‌ഫെഡിലും മാനേജിങ്ങ് ഡറക്ടറായി എം കെ സലീമിന് പുനര്‍നിയമനം നല്‍കി. പുതിയ മാനേജിങ്ങ് ഡയറക്ടറെ നിയമിക്കുന്നത് വരെയോ ആറ് മാസത്തേക്കോ എതാണോ ആദ്യം അതുവരെയാണ് നിയമനം. റീസര്‍ഫേസിങ്ങ് തിരുവനന്തപുരം വിഴിഞ്ഞം റോഡ് പ്രവര്‍ത്തിക്ക് സര്‍ക്കാര്‍തലത്തിലുള്ള ടെണ്ടര്‍ അംഗീകരിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് മൂന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.