Sports

‘ഇത് നമ്മുടെ കഥ, ഇത് നമ്മുടെ ലോഗോ’; ഫോഴ്സ കൊച്ചിയുടെ ലോഗോ പുറത്തുവിട്ട് പൃഥ്വിരാജ്-Prithviraj released the logo of Forca Kochi FC

കൊച്ചി: സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമായ ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഗോ പുറത്തുവിട്ട് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ‘ഇത് നമ്മുടെ കഥ, ഇത് നമ്മുടെ ലോഗോ’ എന്ന ക്യാപ്ഷനോടെ ക്ലബ്ബ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലോഗോ പുറത്തുവിട്ടത്. പൃഥ്വിരാജും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക. 45 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരളയ്ക്ക് സെപ്റ്റംബര്‍ ആദ്യവാരം കിക്കോഫാകും. കേരളത്തിലെ വളര്‍ന്നുവരുന്ന നിരവധി താരങ്ങള്‍ക്ക് ദേശീയ ടീമിലേക്കും ക്ലബുകളിലേക്കും കേരള സൂപ്പര്‍ ലീഗ് വഴി തുറക്കുമെന്നാണ് ആരാധകരുടെയും സംഘാടകരുടെയും പ്രതീക്ഷ.

‘ഒരു പുതിയ അധ്യായം കുറിക്കാനും കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാനും ‘ഫോഴ്സാ കൊച്ചി’ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്‍, ഒരു പുത്തന്‍ ചരിത്രം തുടങ്ങാന്‍’, പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.