വയനാട്: ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 204 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്.
വയനാട് സ്വദേശികളായ ഫൈസൽ റാസി കെഎം, അസനൂൽ ഷാദുലി, സോബിൻ കുര്യാക്കോസ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ പിഎ, മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ് എന്നിവരാണ് പിടിയിലായത്.
ചെക്ക്പോസ്റ്റിൽ വച്ച് യുവാക്കളുടെ കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രതികളുടെ പക്കൽ നിന്ന് 204 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാറിന്റെ സ്റ്റിയറിംഗിന് താഴെയുള്ള ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുണ്ടായിരുന്നത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.