Automobile

ഒരു ഇലക്ട്രിക് സ്‌കൂട്ടറിന് 14 ലക്ഷം രൂപയോ!?; അറിയാം പ്രത്യേകതകള്‍-BMW CE04 electric scooter launched in india

ബിഎംഡബ്ല്യു മോട്ടോറാഡ് CE 04 എന്ന മോഡല്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് ചുവടുവെച്ചു. 14.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു CE 04 പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ എസ്പിയേക്കാള്‍ 1.05 ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കുറവുള്ളത്. കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് റൂട്ട് വഴി കൊണ്ടുവരുന്ന ഇത് രാജ്യത്തെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറാണ്.

ബിഎംഡബ്ല്യു CE 04ന്റെ ബുക്കിംഗ് നേരത്തെ കമ്പനി ആരംഭിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. മാക്സി-സ്‌കൂട്ടറിന്റെ വലിപ്പത്തില്‍ ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ജര്‍മന്‍ ബ്രാന്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. ഇ-സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്ന 8.9 kWh ബാറ്ററി പായ്ക്ക്, ഒറ്റ ചാര്‍ജില്‍ ഏകദേശം 130 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂറും 20 മിനിറ്റുമെടുക്കും. ഇത് വളരെ കൂടുതലാണെന്ന് തോന്നുന്നെങ്കില്‍ ഒരു 6.9 kW ഫാസ്റ്റ് ചാര്‍ജര്‍ വാങ്ങാം. ഇത് ചാര്‍ജിംഗ് സമയം 1 മണിക്കൂര്‍ 40 മിനിറ്റായി കുറയ്ക്കും.

ഫീച്ചറുകളാല്‍ സമ്പന്നമായ ഈ സ്‌കൂട്ടറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ഉള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഉണ്ട്. ഇതിന് ഓള്‍ എല്‍ഇഡി ലൈറ്റിംഗും ഇക്കോ, റെയിന്‍, റോഡ് എന്നീ മൂന്ന് റൈഡ് മോഡുകള്‍ക്കൊപ്പം റിവേഴ്സ് മോഡും ലഭിക്കുന്നു. ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാനായി യുഎസ്ബി-സി ചാര്‍ജിംഗ് പോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.