ന്യൂഡൽഹി: പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം എന്ന വാർത്തകൾ പൂർണമായും തള്ളി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. ഇത്തരം അഭ്യൂഹങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്നും മന്ത്രി വിവരിച്ചു. മന്ത്രിയാണ് പറഞ്ഞത് എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ, മന്ത്രിക്ക് എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കണം എന്നായിരുന്നു അശ്വിനി വൈഷ്ണവിന്‍റെ മറുപടി.
അങ്കമാലി മുതൽ എരുമേലി വരെയുള്ള പാതയിൽ സ്ഥലം ഏറ്റെടുക്കൽ നടക്കുന്നില്ല. ചെങ്ങന്നൂർ മുതൽ പമ്പ വരെ പുതിയ പാത നിർമിക്കുന്നത് പരിഗണിക്കുന്നുണ്ട്. ഇതൊരു സങ്കീർണ്ണമായ പദ്ധതിയാണ്. ഇതു മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യമാണെന്നും പുതിയ അലൈൻമെൻ്റിനെക്കുറിച്ച് വിലയിരുത്തി വരികയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
വന്ദേഭാരത് സർവീസ് നടത്തുന്നതുകൊണ്ട് മറ്റ് ട്രെയിനുകൾ വൈകുന്നതായി കാണുന്നില്ല. കേരളത്തിലോടുന്ന ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമെൻ്റുകളിൽ അനുഭവപ്പെടുന്ന തിരക്ക് കൂടുതൽ കോച്ചുകൾ വരുന്നതോടെ മാറുന്നതാണ്. പുതിയതായി 2,500 കോച്ചുകൾ നിർമിക്കുന്നുണ്ടെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
ഇത്തവണ കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. യു പി എ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുപിഎ കാലത്തേക്കാൾ 8 ഇരട്ടി വിഹിതം ഇത്തവണ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ എല്ലായിടത്തും 100 ശതമാനം വൈദ്യുതിവത്കരിച്ചെന്നും അദ്ദേഹം വിവരിച്ചു. റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിനോട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ഊർജിതമാക്കാൻ നിർദേശിക്കും. റെയിൽവേ വികസനത്തിന് ഇനിയും 459 ഹെക്ടർ ഭൂമി ആവിശ്യമാണെന്നും ഇതുവരെ കിട്ടിയത് 65 ഹെക്ടർ മാത്രമാണെന്നും റെയിൽവേ മന്ത്രി വിവരിച്ചു.