കേരളത്തിൽ വലിയ ചർച്ചയായ ഒട്ടേറെ കേസുകൾക്കൊപ്പം ഉയർന്നുകേട്ട ക്ഷേത്രമാണ് ജഡ്ജിയമ്മാവന്‍ കോവിൽ .കോട്ടയം പൊൻകുന്നത്തു നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണു ചെറുവളളി ഭഗവതി ക്ഷേത്രം. അവിടെ ചിറക്കടവ് പഞ്ചായത്തിൽ പൊൻകുന്നം –മണിമല റൂട്ടിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റൊരിടത്തും ദർശിക്കാനാവാത്ത പ്രതിഷ്ഠയാണു ചെറുവളളി ദേവീക്ഷേത്ര സങ്കേതത്തിലുളള ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ. നിരപരാധികളായ ഭക്തരുടെ മാനവും മനശ്ശാന്തിയും നഷ്ടപ്പെടുത്തുന്ന കേസുകളിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന സത്യത്തിനു സാക്ഷിയായ അദ്ഭുത വരദാനമേകുന്നതാണു ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ എന്നാണു വിശ്വാസം. ഏതു സങ്കീർണമായ പ്രശ്നങ്ങളിലും ഒത്തുതീർപ്പുണ്ടക്കുന്ന ജഡ്ജിയമ്മാവൻ അദ്ഭുതം തന്നെയാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ധർമരാജാവായ കാർത്തിക തിരുനാൾ രാമവർമ തിരുവിതാംകൂർ ഭരിക്കുന്ന കാലം. നീതിശാസ്ത്രത്തിൽനിന്ന് അണുവിടതെറ്റാതെ ഭരണം നടത്തുന്ന രാജാവിന്റെ, സദർ കോടതി ജഡ്ജിയായിരുന്നു തിരുവല്ല തലവടി രാമവർമപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ള. നീതിശാസ്ത്രങ്ങളിലും സംസ്കൃതത്തിലും നിപുണൻ. സത്യസന്ധമായും നീതിനിഷ്ഠയോടെയും കർത്തവ്യം നിറവേറ്റിയിരുന്നു. അന്നത്തെ കാലത്ത് അതതു സ്ഥലത്തു വച്ചാണു കേസുകൾ നടത്തിയിരുന്നത്. ആലപ്പുഴ ജില്ലയിലെ രാമപുരത്തു മഠമായിരുന്നു സ്വന്തം തറവാട്. നാട്ടിലെത്തുമ്പോൾ സ്വന്തം പഠിപ്പുരയിൽ വച്ചും കേസുകൾ കേട്ടിരുന്നു. ജഡ്ജി ഗോവിന്ദപ്പിളളയുടെ പ്രിയപ്പെട്ട അനന്തരവനായിരുന്നു പത്മനാഭപ്പിളള. അമ്മാവന് അഹിതമായതൊന്നും അനന്തരവൻ ചെയ്യില്ല.
എന്നാൽ ഒരിക്കൽ സ്വന്തം അനന്തരവനെതിരായ ഒരു ആരോപണം ഇദ്ദേഹത്തിനു മുന്നിലെത്തി. ബന്ധുജന പ്രീണനമാകരുതെന്ന ശാഠ്യത്താൽ, കൂട്ടിയും കിഴിച്ചും ആലോചിച്ചും തീരുമാനമെടുത്തപ്പോൾ വന്നത് വധശിക്ഷാവിധി. മരുമകനെ വെട്ടിക്കൊന്നശേഷമാണ് തന്റെ നടപടി തെറ്റായിപ്പോയെന്ന് ഗോവിന്ദപ്പിള്ള തിരിച്ചറിയുന്നത്.സത്യമറിഞ്ഞ് ജഡ്ജി അമ്പരന്നു പോയി. ഹൃദയം പൊട്ടി കേണ സഹോദരി പാർവതി പിളളയെ സമാധാനിപ്പിക്കാൻ പോലും അദ്ദേഹത്തിനായില്ല. സത്യം മനസ്സിലാക്കാതെ ജീവിതത്തിലാദ്യമായി സംഭവിച്ച തെറ്റാണു ജഡ്ജി നടപ്പിലാക്കിയ ആദ്യ ശിക്ഷാവിധി. നീതിനിഷ്ഠനും സത്യസന്ധനുമായ ജഡ്ജി തന്റെ നിരപരാധിത്വം മഹാരാജാവിന്റെ മുമ്പിൽ അവതരിപ്പിച്ചു. തനിക്കുളള ശിക്ഷ വിധിക്കാൻ പറഞ്ഞു. അറിയാതെ ചെയ്ത തെറ്റല്ലേ അതിനു ശിക്ഷയില്ല, നാം ക്ഷമിച്ചിരിക്കുന്നു എന്ന് ആശ്വസിപ്പിച്ചു. ഇനി പ്രത്യേകമായി ശിക്ഷ വേണ്ട എന്നും പറഞ്ഞു. പാടില്ലെന്നു ജഡ്ജിയും പറഞ്ഞു. കൊലക്കുറ്റം ചെയ്ത തനിക്ക് ശിക്ഷ കിട്ടിയാലേ മതിയാകൂ എങ്കിൽ നിങ്ങൾ സ്വയം ശിക്ഷ വിധിക്കാൻ രാജാവും പറഞ്ഞു. നീതി ശാസ്ത്രത്തിന്റെ കലവറയായ താങ്കൾക്ക് എന്തായാലും നടത്തിത്തരാമെന്ന് രാജാവും പറഞ്ഞു.
എന്നെ മരിക്കും വരെ തൂക്കിലിടണമെന്നു ജഡ്ജി പറഞ്ഞു. അതിനു മുൻപു കാലുകൾ മുറിച്ചുമാറ്റണം. ജഡം മൂന്നു ദിവസം തൂക്കിലിട്ട ശേഷം സംസ്കരിച്ചാൽ മതി. തന്റെ ദേശമായ തലവടിയിലെ കിഴക്കേ അതിര്‍ത്തിയിലെ മുകളടി പുരയിടത്തിൽ വച്ച് ശിക്ഷ നടപ്പിലാക്കണം. അങ്ങനെ ശിക്ഷ നടപ്പായി. ഒരു തറവാട്ടിൽ നടന്നത് രണ്ടു ദുർമരണങ്ങൾ. ഇരുവരുടെയും ആത്മാക്കൾ അവിടെ ചുറ്റിത്തിരിഞ്ഞു. തലമുറകളോളം തറവാട്ടിൽ അനർഥങ്ങളും അനിഷ്ടസംഭവങ്ങളും ഉണ്ടായി. അകാലമൃത്യുവടഞ്ഞ ആത്മാക്കളെ ദോഷപരിഹാരക്രിയകളോടെ കുടിയിരുത്തണമെന്നായിരുന്നു പ്രശ്നവിധി. ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെ അദ്ദേഹത്തിന്റെ മൂലകുടുംബമായ പയ്യമ്പള്ളിയിലെ ധർമക്ഷേത്രത്തിൽ, ചെറുവള്ളി ദേവിയുടെയടുത്ത് കുടിയിരുത്താൻ തീരുമാനിച്ചു. പിന്നീട് ഗോവിന്ദപിള്ളയെന്ന ജഡ്ജിയമ്മാവന് 1978 ല്‍ ഉപദേവാലയവും നിർമിച്ചു. അനന്തരവനെ തിരുവല്ല പനയാർ കാവിലും. തന്നോടു സത്യം പറയുന്ന വാദിയോ പ്രതിയോ ആരുമായിക്കൊളളട്ടെ സത്യന്മാരുടെ വശത്താണെന്നു മനസ്സിലായാൽ ജഡ്‍ജിയമ്മാവൻ സഹായിക്കും എന്നാണു വിശ്വാസം.