തിരുവനന്തപുരം: കാമ്പസ് വ്യവസായ പാർക്കുകൾക്കായി 80 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അപേക്ഷ സമർപ്പിച്ചതെന്നും ഈ വർഷം 25 പാർക്കുകൾക്ക് അനുമതി നൽകുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സംരംഭകളും ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ വലിയ വിടവ് നിലനിൽക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് കാമ്പസ് പാർക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങൾക്കുള്ള പരിമിതി ഭൂമി ലഭ്യമല്ല എന്നുള്ളതാണ്. തമിഴ്നാട്ടിൽ 1000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ രണ്ടുപേരോട് സംസാരിച്ചാൽ മതി. കേരളത്തിൽ പക്ഷേ, 1000 ഏക്കറിന് 500 പേരോടെങ്കിലും സംസാരിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ നേട്ടവും വിപ്ലവവുമായിരിക്കും കാമ്പസ് പാർക്കുകളെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, വ്യവസായ ഡയറക്ടർ എസ്. ഹരികിഷോർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കാമ്പസ് വ്യവസായ പാർക്കിനായി അപേക്ഷിക്കാനാവുക. ആർട്സ് ആൻഡ് സയൻസ് കോളജുകൾ, പ്രഫഷനൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പദ്ധതിക്ക് കീഴിൽ വരും. കാമ്പസുകളിൽ സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് ഏക്കർ ഭൂമിയാണ് വേണ്ടത്. 30 വർഷത്തേക്കാണ് പെർമിറ്റ് അനുവദിക്കുക.