ചെന്നൈ: കേന്ദ്ര ബജറ്റിലെ വിവേചനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ തോൽപിച്ചവർക്കെതിരെ പ്രതികാര നടപടിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കണം. ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം രാഷ്ട്രീയ എതിരാളികളെ തകർക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റപ്പെടുമെന്നും സ്റ്റാലിൻ സാമൂഹിക മാധ്യമ പേജിലൂടെ മുന്നറിയിപ്പ് നൽകി.
ബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ പരിഗണന നൽകിയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പരാമർശം. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തലാണ് മോദിയുടെ ലക്ഷ്യമെങ്കിൽ അദ്ദേഹത്തിന് അധികാരം രക്ഷിക്കാനാകും പക്ഷേ രാജ്യം രക്ഷിക്കാനാവില്ല എന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
‘കേന്ദ്രബജറ്റിൽ നിന്ന് നിരവധി സംസ്ഥാനങ്ങളെ പുറത്താക്കിയതിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോദീ, താങ്കൾ പറഞ്ഞത് തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനി നമുക്ക് രാജ്യത്തെക്കുറിച്ച് ചിന്തിക്കാം എന്നായിരുന്നു. പക്ഷേ, ഇന്നലെ അവതരിപ്പിച്ച ബജറ്റ് നിങ്ങളുടെ അധികാരത്തെ സംരക്ഷിക്കുന്നതാണ്, രാജ്യത്തെ രക്ഷിക്കുന്നതല്ല. സർക്കാരിനെ പൊതുവായി മുന്നോട്ടുനയിക്കൂ. നിങ്ങളെ തോൽപ്പിച്ചവരോടുള്ള പകതീർക്കൽ നടത്താതിരിക്കൂ. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് താങ്കൾ സർക്കാരിനെ നയിക്കാൻ പോകുന്നതെങ്കിൽ, ഞാൻ മുന്നറിയിപ്പ് നൽകുന്നു, താങ്കൾ തീർത്തും ഒറ്റപ്പെടും’. സ്റ്റാലിൻ എക്സിൽ കുറിച്ചു.