മുംബൈ: നിത അംബാനി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പാരീസില്‍ നടക്കുന്ന 142-ാമത് ഐഒസി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം എന്ന നിലയില്‍ ഏകകണ്ഠമായി നിത അംബാനി തിരഞ്ഞെടുക്കപ്പെട്ടത്.
”അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടയാണ്. വലിയ ആദരവാണത്. എന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതിന് പ്രസിഡന്റ് ബാക്കിനും ഐഒസിയിലെ എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുകയാണ്. വീണ്ടും എന്നിലേക്കെത്തിയ നേട്ടത്തെ വ്യക്തിപരമായല്ല ഞാന്‍ കാണുന്നത്. ആഗോള കായികരംഗത്ത് ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരം കൂടിയാണിത്. ഓരോ ഇന്ത്യക്കാരനുമായും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഈ നിമിഷം ഞാന്‍ പങ്കിടുകയാണ്. ഇന്ത്യയിലും ലോകമെമ്പാടും ഒളിമ്പിക് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും.” – നിത അംബാനി പറഞ്ഞു.
2016-ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിലാണ് നിത അംബാനി ആദ്യമായി അംഗത്വമെടുക്കുന്നത്. അതിനുശേഷം, ഐഒസിയിൽ ചേരുന്ന ഇന്ത്യയുടെ ആദ്യ വനിത എന്ന നിലയിൽ, നിത അംബാനി അസോസിയേഷന് വേണ്ടി മികച്ച മുന്നേറ്റങ്ങൾ നടത്തി. നിത അംബാനിയെയും കമ്മിറ്റിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളെയും ഐഒസി പ്രസിഡൻ്റ് തോമസ് ബാക്ക് അഭിനന്ദിച്ചു. 2024 ലെ ഒളിമ്പിക് ഗെയിംസ് ഈ വർഷം ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ ഫ്രാൻസിൻ്റെ തലസ്ഥാന നഗരിയായ പാരിസിൽ നടക്കും.