ഗസ്സ: ഗാസയിലെ ഖാൻ യൂനിസിൽ തിങ്കളാഴ്ച ഇസ്രയേൽ ടാങ്കുകൾ നടത്തിയ വ്യോമാക്രമണത്തിൽ 121 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ, ഒന്നര ലക്ഷത്തോളം പേർ പ്രദേശത്തുനിന്ന് പലായനം ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് കോൺഗ്രസിൽ സംസാരിക്കുന്നതിനു മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയത്.
സുരക്ഷിതമെന്ന് ഇസ്രയേൽ മുൻപ് പ്രഖ്യാപിച്ച മവാസിയുൾപ്പെടെ വിവിധ ജില്ലകളിൽനിന്ന് പലസ്തീൻകാരോട് ഇസ്രയേൽ സൈന്യം ഉത്തരവിട്ടതിനു പിന്നാലെയാണ് ആക്രമണം. കരയാക്രമണത്തിനൊപ്പം വ്യോമാക്രമണവും നടന്നു.
ഇസ്രയേൽ ലക്ഷ്യമിട്ട പ്രദേശങ്ങളിൽ നാലുലക്ഷത്തോളം േപരാണ് താമസിക്കുന്നത്. ഇവരിൽ ഒട്ടേറെപ്പേർ ഇവിടം വിട്ടുപോകാൻ തുടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഖാൻ യൂനിസിലെ രണ്ട് ക്ലിനിക്കുകളും ആക്രമണത്തിൽ തകർന്നു.
ഹമാസിനെതിരായ ആക്രമണം തുടങ്ങാൻ പദ്ധതിയുണ്ടെന്നു പറഞ്ഞാണ് ഈ പ്രദേശങ്ങളിൽനിന്ന് ഒഴിയാൻ ഇസ്രയേൽ ൈസന്യം നിർദേശിച്ചത്. മധ്യ-തെക്കൻ ഗാസയിൽ ആക്രമണം തുടരുമെന്നും പറയുകയുണ്ടായി. ഗാസയിലെ ആകെ മരണം 39,006 ആയി.
അതിനിടെ, റഫ ഇടനാഴിയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിന് ഇസ്രായേൽ സംഘം ഈജിപ്തിലെത്തി. മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തലിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വ്യാഴാഴ്ച ദോഹയിൽ ഈജിപ്ത്, ഇസ്രായേൽ, അമേരിക്ക, ഖത്തർ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.