തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ കെ.എസ്.ഇ.ബി. ശനിയാഴ്ച ടെണ്ടര്‍ ക്ഷണിച്ചുകൊണ്ട് നോട്ടീസ് ഇറക്കും. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ നിന്ന് മാറി സ്വന്തം നിലയിലാണ് കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നത്. സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനും ശേഷമാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്.
ഉപകരണങ്ങള്‍ക്കും സോഫ്റ്റ് വെയറിനുമായി രണ്ട് ടെണ്ടറുകളാണ് ശനിയാഴ്ച വിളിക്കുന്നത്. രണ്ടിനും കൂടി അടങ്കല്‍ തുക 217 കോടിയാണ്. സ്മാര്‍ട്ട് മീറ്റര്‍, ഹെഡ് എന്‍ഡ് സോഫ്റ്റ് വെയര്‍, മീറ്റര്‍ ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ളവ വാങ്ങും. സെപ്റ്റംബറില്‍ ടെണ്ടര്‍ തുറക്കും. സ്വന്തം നിലയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സഹായം കേരളത്തിന് കിട്ടില്ല.
എന്നാല്‍ ലൈന്‍ ശക്തിപ്പെടുത്തലടക്കമുള്ള പ്രവര്‍ത്തികള്‍ക്കുള്ള കേന്ദ്ര ഗ്രാന്റുകള്‍ ലഭിക്കും. അതിന് സ്മാര്‍ട്ട് മീറ്റര്‍ ഉടന്‍ സ്ഥാപിക്കേണ്ടതുണ്ട്. ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍, സബ്സ്റ്റേഷനുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.