പത്താംനാളിലേക്ക് നീണ്ട അര്‍ജുനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഇന്ന് അന്ത്യമായേക്കും. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള നിര്‍ണായക ജോലികള്‍ ഷിരൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ അർജുനിനെകുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. ജി ബാലചന്ദ്രന്‍
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം
കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളിയുടെ കണ്ണും കാതും കർണാടകയിലെ ഷിരൂരിലാണ്. അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള കാത്തിരിപ്പിലാണ് നാട്. കർണാടക സർക്കാർ പറയുന്നതനുസരിച്ച് കഴിഞ്ഞ പത്തു ദിവസമായി നടത്തി വരുന്ന
ദൗത്യം വിജയകരമായി പൂർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. തടികയറ്റിയ ഭാരത് ബെൻസ് ലോറിയുമായി പോകുമ്പോൾ, പ്രളയത്തെ തുടർന്നുണ്ടായ മലയിടിച്ചിലിൽപ്പെട്ട് ഷിരൂരിലെ ഗംഗാവാലി പുഴയിലേക്ക് അർജുൻ്റെ വാഹനം പതിക്കുകയായിരുന്നു. വൈകി എന്ന ആക്ഷേപം ഉണ്ടെങ്കിലും , ദിവസങ്ങളോളം നീണ്ട അതിസാഹസികമായ രക്ഷാദൗത്യമാണ് കർണാടക സർക്കാർ ചെയ്തത്. എന്തായാലും നദിയിൽ നിന്നും അർജുന്റെ ലോറി കണ്ടെത്തിയിരിക്കുന്നു.
അർജുൻ്റെ ദുസ്ഥിതി വാർത്തയാക്കി സമൂഹത്തിൻ്റെയും ഭരണകൂടത്തിൻ്റെയും ഇടപെടൽ സക്രിയമാക്കിയതിൽ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്. കോഴിക്കോട് എം.പി. എം. കെ. രാഘവനും, മഞ്ചേശ്വരം എം. എൽ. എ. അഷ്റഫും ഷിരൂരിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പക്കുന്നതിൽ കാര്യമായ പങ്ക് വഹിച്ചു. കാർവാർ എം.എൽ. എ. സതീഷിൻ്റെ പങ്കും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു . കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ദുരന്ത ഭൂമിയിൽ എത്തിയതും അർജുൻ ദൗത്യത്തിന് വേണ്ട ഇടപെടലുകൾ നടത്തി. മേഘ വിസ്ഫോടനം പോലെ ഒഴുകിയെത്തി വൻമലകൾ തീർത്ത മണ്ണു കൂമ്പാരം രാപ്പകൽ ഇല്ലാതെ യത്നിച്ച് സർക്കാരും, സന്നദ്ധ പ്രവർത്തകരും ചേർന്ന് ഏറെക്കുറെ മാറ്റി . സാധ്യമായ സംവിധാനങ്ങൾ എല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനുഷ്യ ജീവൻ വീണ്ടെടുക്കുന്നതിന് നൽകി. കരസേനയും, നാവിക സേനയും, ദുരന്ത നിവാരണ സേനയും രാപ്പകലില്ലാതെ യത്നിച്ചു. ഇതിനിടയിൽ ചിലർ കാണിച്ച അതിവൈകാരികത കോമാളിത്തം ആയി എന്നു പറയാതെ വയ്യ. റോഡിനരികിലെ മണ്ണ് ഏറെക്കുറെ മാറ്റിയ ശേഷം, ലോറി ഇല്ല എന്ന് സർക്കാർ സംവിധാനങ്ങൾ പറയുമ്പോഴും, ഇതിനെതിരെ ഹീനമായ രീതിയിൽ പ്രതികരണം നടത്തി പൊതു ശ്രദ്ധ നേടാൻ ശ്രമിച്ചവർ ഈ നാടിന് കളങ്കമാണ്. അർജുൻ്റെ കുടുംബത്തിൻ്റെ പ്രതികരണം വൈകാരികമാകുന്നതിൽ തെറ്റില്ല. പക്ഷെ, അതിൻ്റെ പേരിൽ ഒരു സംസ്ഥാനത്തിനെതിരെ വെറുപ്പുൽപ്പാദിക്കുന്ന പ്രചരണ കോലാഹലങ്ങൾ നടത്താൻ സി.പി.എമ്മും, ബി.ജെ.പിയും ശ്രമിച്ചത് ശരിയായില്ല. തിരുവനനപുരത്ത് ആമയിഴഞ്ചൻ തോടിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി അകപ്പെട്ടു. അപ്പോൾ അവിടെ എത്താൻ വൈമനസ്യം കാണിച്ച മുഖ്യമന്ത്രിയുടെ അനുയായികൾ ഷിരൂർ വിഷയത്തിൽ സ്വീകരിച്ചത് ഇരട്ടതാപ്പാണ്. ദുരന്ത ഭൂമിയിൽ വിമർശനങ്ങളൊ വൈകാരിക പെരുമാറ്റങ്ങളോ ഗുണം ചെയ്യില്ല. സെൽഫി എടുത്ത് തെറ്റിദ്ധാരണ പരത്താതെ , ഒരുമിച്ച് നിന്ന് മനുഷ്യ ജീവനായ് കൈകോർക്കുകയാണ് വേണ്ടത്. അർജുൻ ദൗത്യം വിജയകരമാവട്ടെ എന്ന പ്രാർത്ഥനയോടെ,
പ്രൊഫ ജി ബാലചന്ദ്രൻ