ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ച് എവിടെയാണ് എന്നറിയാമോ ? വിനോദസഞ്ചാരത്തിന്റെ ലോക ഭൂപടം പരിശോധിച്ചാൽ അവിടെ കേരളത്തിലെ വർക്കല എന്ന മനോഹരമായ സ്ഥലം കാണാം. ലോകത്തിന്റെ നിറുകയിൽ വർക്കലയെ അടയാളപ്പെടുത്തിയത് അവിടുത്തെ മനോഹരമായ തീര സൗന്ദര്യം തന്നെയാണ്. കേരളത്തിലെ മറ്റൊരു ബീച്ചിലും അവകാശപ്പെടാൻ ആവാത്ത എന്ത് പ്രത്യേകതയാണ് വർക്കല ബീച്ചിനുള്ളത് എന്നറിയാമോ? അത്രയും ശാന്തവും പ്രകൃതിയും സുന്ദരവുമായ വർക്കലയിലെ തീരത്തേക്ക് ആളുകൾ ഒഴുകുകയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഇവിടം ഒരുപോലെ ഇഷ്ടപ്പെടും.
കടലും ബീച്ചും ഇഷ്ടപ്പെടുന്ന സാഹസിക സഞ്ചാരിയാണ് നിങ്ങളെങ്കിൽ വർക്കല പാപനമാശം ബീച്ച് ഒരുതവണയെങ്കിലും സന്ദർശിക്കണം. കടലിലേക്കുള്ള ബോട്ട് യാത്ര, സ്കൂബാ ഡൈവിങ്, പാരാ സെയ്ലിങ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ ഇവിടെ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്.
ഇനി സാഹസികതയല്ല നിങ്ങളുടെ താല്പര്യമെങ്കിലും വരാതിരിക്കേണ്ട. വെറുതേ വന്ന് ഇവിടെ കടല്‍ത്തീരത്ത് ഇരുന്നാൽ പോലും മടുക്കില്ല. വർക്കല ഫോർമേഷനും പശ്ചാത്തലത്തിലെ കടലും കൂടിയാകുമ്പോൾ ഇഷ്ടംപോലെ ഫോട്ടോകളും പകർത്താം. കുന്നിനു മുകളിലെ ഹോട്ടലുകളും കഫേകളും അവിടുത്തെ രാത്രി ജീവിതവും ഒക്കെ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതാണ്.
വർക്കലയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പാപനാശം ബീച്ച് ആഭ്യന്തര സഞ്ചാരികളുടെ മാത്രമല്ല, അന്താരാഷ്ട്ര സഞ്ചാരികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ നേട്ടമായി അവതരിപ്പിക്കപ്പെടുന്ന പാപനാശം ബീച്ച് ഒട്ടേറെ പ്രത്യേകതകളാൽ സമ്പന്നമാണ്. വർക്കല ബീച്ചിന്‍റെ തന്നെ ഭാഗമാണ് പാപനാശം ബീച്ചും.
ദക്ഷിണ കാശി എന്നും വർക്കല പാപനാശം കടൽത്തീരം അറിയപ്പെടുന്നു. കാശിയിൽ പോകുന്നതിനു തുല്യമാണ് ഇവിടുത്തെ സന്ദര്‍ശനം എന്നാണ് വിശ്വാസം. ജനാര്‍ദ്ദനസ്വാമി ക്ഷേത്രമാണ് ഇവിടെ നിർബന്ധമായും സന്ദര്‍ശിക്കേണ്ട ക്ഷേത്രം. ദേവന്മാർ നിർമ്മിച്ച ക്ഷേത്രമാണെന്നാണ് ഈ ക്ഷേത്രത്തെ സംബന്ധിച്ച ഒരു വിശ്വാസം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 200 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പാപനാശത്തിന് പേര് ലഭിച്ച കഥ
പാപനാശത്തിന് പേര് ലഭിച്ചതിന് പിന്നിലും ഒരു കഥയുണ്ട്.ഹിന്ദുമത വിശ്വാസപ്രകാരം മരണപ്പെട്ടവർക്ക് ബലിതർപ്പണം നടത്തുന്നതിനായാണ് വർക്കലയിലെ താഴയേ ബീച്ചിനെ പാപനാശം എന്ന് വിളിക്കുന്നത്ത്. പാപങ്ങൾ തീർക്കുന്ന തീരം അതാണ് പാപനാശം. ഒരിടത്ത് ബീച്ചിൽ ജീവിതമാഘോഷിക്കാൻ എത്തുന്നവരും മറുഭാഗത്ത് മരണാനന്തര കർമ്മങ്ങൾ നടത്താൻ എത്തുന്ന വരും ഒരേ സ്ഥലം തന്നെ ജീവിതത്തിന്റെ സുഖദുഃഖങ്ങൾ സമ്മേളിക്കുന്ന കാഴ്ച. ഹിന്ദു മത പ്രകാരം മരണം നടന്ന് പതിനാറാം ദിവസമാണ് ബലിതർപ്പണം ആദ്യമായി നടത്തുന്നത്. പിന്നീട് വാവ് ദിവസങ്ങളിലും കർക്കിടകമാസത്തിലെ വാവിനും ബലിതർപ്പണം നടത്തുന്നവരുണ്ട്. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാൽ അഗ്നി തന്നെ ആത്മാവിനെ പരലോകത്തേക്ക് അയക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മൃതദേഹം ദഹിപ്പിച്ച് 16-ാമത്തെ ദിവസമാണ് ബലി തർപ്പണം നടത്തുന്നത്.വർക്കല പാപനാശം തീരത്ത് മുങ്ങി കുളിച്ചാൽ സകല പാപങ്ങളും തീരുമെന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണത്രേ ഈ കടൽ തീരത്തിന് പാപനാശം എന്ന പേര് ലഭിച്ചത്. ബലി തർപ്പണത്തിന് വേണ്ടി വെള്ളമണൽ നിറഞ്ഞ ബീച്ചിന്റെ ഒരു വശത്ത് പ്രത്യേക സൗകര്യം ബലിയിടാൻ ഒരുക്കിയിട്ടുണ്ട്. ഇതിന് തൊട്ടടുത്ത് വരെ വാഹനത്തിൽ എത്താൻ കഴിയും. ബലിതർപ്പണത്തിന് ശേഷം ഒരു കിലോമീറ്റർ മാത്രമകലെയുള്ള ജഗന്നാഥ സ്വാമി ക്ഷേത്രം സന്ദർശിക്കുക പതിവാണ്.
ലോകത്തിലെ മറ്റു ബീച്ചുകളിൽ നിന്നും വർക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നത് അതിനു സമീപത്തെ റോക്ക് ഫോർമേഷനാണ്. കടല്‍ത്തീരത്തോട് ചേർന്നു കുന്നും പാറക്കെട്ടുകളും കാണുന്നത് അപൂർവ്വ കാഴ്ചയാണ്. വർക്കല ഫോർമേഷൻസ് എന്നാണ് ഇവിടുത്തെ കുന്നുകൾ അറിയപ്പെടുന്നത്. ഇതിനു മുകളിൽ നിന്ന് കടൽത്തീരം കാണാനും ഫോട്ടോ എടുക്കാനും ഒക്കെയായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകയ്ക്ക് സഞ്ചാരികളെ ഇവിടെ എത്തിക്കുന്നിൽ വലിയ ഒരു പങ്കുണ്ട്. മുനമ്പുകൾ തീരത്തോട് ചേർന്ന് കാണുന്ന അറബിക്കടലിലെ ഏക ബീച്ചും ഇതാണ്.
എത്തിച്ചേരാൻ
തലസ്ഥാനത്ത് നിന്നും റോഡ് മാർഗ്ഗം വളരെ വേഗം എത്താം എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ട്രെയിനിനു വരുമ്പോൾ വർക്കലയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടുന്ന് ബീച്ചിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. തിരുവനന്തപുരം-കൊല്ലം ദേശീയപാതയിൽ കല്ലമ്പലത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ പോയാൽ വർക്കലയിലെത്താം.
content highlight: varkala-beach