പാറ്റ്‌ന : ബീഹാർ നിയമസഭയിൽ പ്രതിപക്ഷ വനിതാ എംഎൽഎയോട് മുഖ്യമന്ത്രി നിതീഷ് കുമാർ പൊട്ടിത്തെറിച്ചു. കഴിഞ്ഞ ദിവസം ആർജെഡി എംഎൽഎയോടാണ് ‘നിങ്ങൾ വെറും ഒരു സ്ത്രീയാണ്, നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ? ഇരുന്ന് കേൾക്കൂ’ എന്ന് നിതീഷ് കുമാർ ചോദിച്ചത്.
ബീഹാറിനുള്ള സംവരണത്തിലും പ്രത്യേക പദവിയിയുടെ കാര്യത്തിലും നിതീഷ് കുമാർ സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് രേഖാ പാസ്വാൻ എംഎൽഎയോട് നിതീഷ് കുപിതനായി സംസാരിച്ചത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ തടിച്ചുകൂടി.
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള ബീഹാർ സർക്കാരിന്റെ നീക്കം കഴിഞ്ഞ മാസം പാറ്റ്‌ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധിയിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും നിതീഷ് കുമാർ സഭയിൽ പറഞ്ഞു. എന്നാൽ, ഇത് കേട്ടിട്ടും പ്രതിപക്ഷം ശാന്തരായില്ല. പ്രസംഗത്തിനിടയിൽ പ്രതിഷേധം തുടർന്നപ്പോഴാണ് നിതീഷ് കുമാർ വനിതാ എംഎൽഎയോട് ക്ഷുഭിതനായത്. ഇതോടെ പ്രതിപക്ഷം പൊട്ടിത്തെറിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. എന്നാൽ, സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്കായി തന്റെ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് നിതീഷ് കുമാർ തന്റെ പ്രസംഗം തുടർന്നു.
സ്‌ത്രീകൾക്കെതിരെ അനാവശ്യവും അപരിഷ്‌കൃതവും തരംതാഴ്‌ന്നതുമായ പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് മുതിർന്ന ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബിജെപി വനിതാ എംഎൽഎയുടെ സൗന്ദര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മോശം പരാമർശം നടത്തിയിരുന്നു. ഇന്ന് അദ്ദേഹം രണ്ട് തവണ പട്ടികജാതി വനിതാ എംഎൽഎ ആയ രേഖാ പാസ്വാനെക്കുറിച്ച് പരാമർശം നടത്തി എന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.