എന്ത് സാധനം വാങ്ങാൻ ആണെങ്കിലും നാം ഏവരും ഇന്ന് ആശ്രയിക്കുന്നത് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെയാണ്. എന്നാൽ ചിലപ്പോഴെങ്കിലും ആളുകൾ പറ്റിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ ഒരു കൗതുകം നിറഞ്ഞ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊളംബിയയിലാണ് സംഭവം.
ആമസോണിൽ എയർഫ്രയർ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് കൂറ്റൻ പല്ലിയെ കിട്ടിയെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഫിയ എന്ന സ്ത്രീയാണ് ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സംഭവം വളരെപ്പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു.
തന്റെ വീട്ടിലേക്ക് എയർഫയർ ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു യുവതി. സാധനം ലഭിച്ചതും വളരെപ്പെട്ടെന്ന് തന്നെ പാർസൽ തുറന്നു. ഉള്ളിൽ കണ്ടതാകട്ടെ ഭീമൻ പല്ലിയേയും. അപ്രതീക്ഷിതമായി പല്ലിയെ കണ്ടപ്പോൾ താൻ പേടിച്ചുപോയെന്ന് യുവതി പറയുന്നു.
അടുത്തിടെയാണ് ആമസോൺ പാഴ്സലിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ കിട്ടിയത്. ബംഗളൂരുവിലെ സോഫ്ട്വെയർ എഞ്ചിനീയർമാരായ ദമ്പതികൾ എക്സ് ബോക്സ് കൺട്രോളറാണ് (Xbox controller) ഓർഡർ ചെയ്തത്. പറഞ്ഞദിവസം തന്നെ പാഴ്സൽ എത്തി. ഇത് തുറക്കുന്നത് മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്സൽ പാക്കുചെയ്തിരുന്ന ടേപ്പിൽ പാമ്പ് കുടുങ്ങിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്പതികൾ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിൽ പാമ്പ ഒട്ടിയിരിക്കില്ലെന്ന് പറഞ്ഞ് നിരവധി പേർ രംഗത്തെത്തിയിരുന്നു.