കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ നാലാം തലമുറ പ്രീമിയം അർബൻ എസ്‌യുവി എക്സ്-ട്രെയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 2023-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മികച്ച 5 എസ്‌യുവികളിൽ ഒന്നാണ് നിസാൻ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന നാലാം തലമുറ നിസാൻ എക്‌സ്-ട്രെയിൽ. ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ വേരിയബിൾ കംപ്രഷൻ- ടർബോ എഞ്ചിൻ ഘടിപ്പിച്ചതാണ് ജപ്പാനിൽ നിർമിക്കുന്ന എക്സ്-ട്രെയിൽ. ഡി-സ്റ്റെപ്പ് ലോജിക്ക് കണ്ട്രോൾ & പാഡിൽ ഷിഫ്റ്റ് എന്നിവ ഉൾപ്പെടുന്ന മൂന്നാം തലമുറ എക്‌സ്‌ട്രോണിക്ക് സിവിടിയാണ് നിസാൻ എക്സ്-ട്രെയിലിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് തടസ്സമില്ലാത്ത ഷിഫ്റ്റിംഗും ശക്തമായ ആക്സിലറേഷനും നൽകുന്നു. ടോർക്ക് അസിസ്റ്റ്, എക്സ്റ്റൻഡഡ് ഐഡിൽ-സ്റ്റോപ്പ്, ക്വിക്ക് റീസ്റ്റാർട്ട്, മികച്ച ഇന്ധനക്ഷമത എന്നിവ നൽകുന്ന അത്യാധുനിക എഎൽഐഎസ് 12വി(ALiS 12V) മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എക്സ്-ട്രെയിലിൽ സജ്ജീകരിച്ചിരിക്കുന്നു. സെഗ്‌മെന്റിലെ ആദ്യത്തെ 31.2 സി.മി. ഹൈ റെസല്യൂഷൻ അഡ്വാൻസ്ഡ് ഡ്രൈവർ ഡിസ്പ്ലേ, ആർ20 ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയുമുണ്ട്.
7 എയർബാഗുകൾ, എറൗണ്ട് വ്യൂ മോണിറ്റർ (എവിഎം) വിത്ത് മൂവിംഗ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ (എംഒഡി), ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (ബിഎൽഎസ്ഡി) പോലുള്ള കരുത്തുറ്റ സുരക്ഷാ ഫീച്ചറുകളോട് കൂടിയ അത്യാധുനിക ഓട്ടോമോട്ടീവ് ഘടനയാണ് എക്സ്-ട്രെയിലിനുള്ളത്. ഡയമണ്ട് ബ്ലാക്ക്, പേൾ വൈറ്റ്, ഷാംപെയ്ൻ സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമായ എക്സ്-ട്രെയിൽ ജൂലൈ 26 മുതൽ ഒരു ലക്ഷം രൂപയ്ക്ക് ബുക്കിംഗ് നടത്താം. ഡെലിവറികൾ ഓഗസ്റ്റിൽ ആരംഭിക്കും.