ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ആഡംബര വാഹന പ്രേമികളുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. സെഗ്മന്റിലെ തന്നെ ഏറ്റവും വലിപ്പമുള്ള കാറാണ് ഇതെന്നും ബിഎംഡബ്ല്യു അവകാശപ്പെടുന്നുണ്ട്. രണ്ട് വകഭേദങ്ങളിലും രണ്ട് കളർ സ്കീമുകളിലും ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലുമാണ് ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാൻ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപം തന്നെയാണ് കാറിനുള്ളതെന്ന് നിസംശയം പറയാം.
72.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കാറിനെ രാജ്യത്ത് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് 5 സീരീസിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന LWB പതിപ്പ് വാങ്ങാൻ താത്പര്യമുള്ളവർക്ക് രാജ്യത്തുടനീളമുള്ള ബ്രാൻഡിന്റെ അംഗീകൃത ഡീലർഷിപ്പുകളിലോ ബിഎംഡബ്ല്യു ഇന്ത്യ ഓൺലൈൻ ഷോപ്പ് വഴിയോ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. മെർസിഡീസ് ബെൻസ് E-ക്ലാസ് LWB സെഡാനുമായി മത്സരിക്കാൻ എത്തിയിരിക്കുന്ന ലക്ഷ്വറി കാറിന്റെ വില തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ബിഎംഡബ്ല്യുവിൻ്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലും സ്‌ലിക്ക് എൽഇഡി ഹെഡ്‌ലാമ്പുകളുമാണ് പുതിയ 5 സീരീസിന്റെ മുൻവശത്തെ ആകർഷണം. അതേസമയം വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ സ്റ്റാൻഡേർഡ് 5 സീരീസ് മോഡലും LWB പതിപ്പും തമ്മിലുള്ള പ്രധാന വ്യത്യാസം കാണാനാവുന്നതും ഇവിടെയാണ്. സംഗതി കളറാക്കാൻ 18 ഇഞ്ച്, 19 ഇഞ്ച് വീലുകളിലാണ് ലക്ഷ്വറി സെഡാൻ വാഗ്‌ദാനം ചെയ്യുന്നതും.
പിൻഭാഗത്തേക്ക് നോക്കിയാൽ കാറിന്റെ മുൻതലമുറയുടെ വൃത്താകൃതി നഷ്ടപ്പെട്ടിട്ടുണ്ട്. പകരം കട്ടിയുള്ള ബമ്പറും സിഗ്നേച്ചർ റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളും ഉപയോഗിച്ച് ഷാർപ്പ് ലുക്കിലേക്കാണ് ബിഎംഡബ്ല്യുവിന്റെ ആഡംബര കാർ മാറിയിരിക്കുന്നതെന്ന് മനസിലാക്കാം. എക്സ്റ്റീരിയറിനേക്കാൾ ലക്ഷ്വറിയായാണ് അകത്തളം ഒരുക്കിയിരിക്കുന്നതെന്ന് വേണം പറയാൻ. 12.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെവന്റ് ക്ലസ്റ്റർ, ഡ്രൈവർ ഓറിയൻ്റഡ് 14.9 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് എന്നിവ അടിസ്ഥാന സവിശേഷതകളാണ്.
ഒപ്പം ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡയമണ്ട് പാറ്റേൺ ക്വിൽറ്റിങ്ങോട് കൂടിയ ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട്-സീറ്റ് വെൻ്റിലേഷൻ, മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 18-സ്പീക്കർ, 655W ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം, 6 USB-C പോർട്ടുകൾ എന്നിവയും കാറിന് സ്റ്റാൻഡേർഡായി വരുന്നുണ്ട് വീഗൻ ഇൻ്റീരിയർ ഓപ്ഷൻ പോലും ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാനിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
തീർന്നില്ല, പനോരമിക് സൺറൂഫ്, ഇൻ്റീരിയർ ക്യാമറ, വയർലെസ് ചാർജറും ഫോൺ മിററിംഗും, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാർക്കിംഗ് ഉൾപ്പെടെയുള്ള ഡ്രൈവർ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. പിൻ സീറ്റിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് അകത്തേക്ക് കയറുമ്പോഴേ അറിയാൻ കഴിയും. പിൻസീറ്റ് യാത്രക്കാർക്ക് എല്ലാത്തരത്തിലുള്ള സുഖസൌകര്യങ്ങളും വാഹനത്തിനുള്ളിൽ ലഭ്യമാവും.
എന്നിരുന്നാലും പിൻസീറ്റുകൾക്ക് ഒരു റിക്ലൈൻ ഫംഗ്ഷൻ നഷ്‌ടമായി. ഒപ്പം വിൻഡോകൾക്കും പിൻ വിൻഡ്‌സ്‌ക്രീനിനും സൺഷെയ്‌ഡുകളും കാറിലില്ലെന്നതും പണം മുടക്കുന്നവരെ നിരാശപ്പെടുത്തിയേക്കാവുന്ന കാര്യങ്ങളാണ്. 7 സീരീസിൻ്റെ സിഗ്നേച്ചർ ഘടകങ്ങളിലൊന്നായ കൂറ്റൻ പിൻ സ്‌ക്രീൻ കൂടിയുണ്ടായിരുന്നെങ്കിൽ സംഗതി കളറാവുമായിരുന്നു. ഇത്തരം ചില ഹൈ-എൻഡ് ഫീച്ചറുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ വാഹനം അടിപൊളിയാണെന്നത് പറയാതിരിക്കാനാവില്ല.
48V മൈൽഡ്-ഹൈബ്രിഡ് അസിസ്റ്റ് സംവിധാനമുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 258 bhp പവറിൽ 400 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഇതൊു റിയർ-വീൽഡ്രൈവ് കാറായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ബിഎംഡബ്ല്യുവിന്റെ പുത്തൻ ലക്ഷ്വറി കാറിന് 0-100 കിലോമീറ്റർ വേഗത വെറും 6.5 സെക്കൻഡ് സമയം കൊണ്ട് കൈവരിക്കാനാവും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് E-ക്ലാസ്, ഔഡി A6 പോലുള്ള വമ്പൻമാരുമായാണ് പുതിയ 5 സീരീസ് LWB മാറ്റുരയ്ക്കുന്നത്.
content highlight: new-bmw-5-series-luxury- car