ഗുജറാത്തിലെ പല സ്ഥലങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പേരെയാണ് സ്ഥലത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ മഴയൊരു വില്ലനായി തുടരുമ്പോളും മഴയെ സന്തോഷത്തോടെ വരവേല്‍ക്കുന്ന രണ്ടുപേരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഗുജറാത്തിലെ കച്ച് എന്ന പ്രദേശം താരതമ്യേനെ വരണ്ട പ്രദേശമായിരുന്നു. കച്ചില്‍ മഴ പെയ്തപ്പോള്‍ ആ മഴ ആസ്വദിക്കുന്ന ഒരച്ഛന്റെയും മകന്റെയും വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഒരു പ്രായമായ പുരുഷന്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് തന്റെ മകനൊപ്പം മഴവെള്ളത്തില്‍ നിന്നുകൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇത്. വെള്ളത്തില്‍ നിന്ന് എന്ന് പറഞ്ഞാല്‍ വെറും വെള്ളമല്ല, വെള്ളക്കെട്ട് തന്നെയാണ്.. അതായത് വെള്ളപ്പൊക്കം. എന്നാല്‍ വെല്ലുവിളി നിറഞ്ഞ ആ സാഹചര്യത്തിലും, മഴ ഒരുപാട് നാളുകള്‍ക്ക് ശേഷം തങ്ങളുടെ പ്രദേശത്ത് പെയ്തതിന്റെ ആഹ്ളാദത്തിലാണ് ഇരുവരും. 17,90,000 പേര്‍ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് അച്ഛനും മകനും കമന്റുമായി എത്തിയത്.
ഗുജറാത്തിലെ കനത്ത മഴയെ തുടര്‍ന്ന് ബുധനാഴ്ച ഒമ്പത് പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ പ്രസ്താവന പ്രകാരം ദ്വാരകയില്‍ മൂന്ന് പേരും ബനസ്‌കന്തയിലും കച്ചിലും രണ്ട് പേര്‍ വീതവും രാജ്കോട്ടിലും സൂറത്തിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്.