World

ഇസ്രായേല്‍ വ്യോമതാവളത്തിന്റെ ഡ്രോണ്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുല്ല-Hezbollah releases drone video footage of Israeli airbase

ഇസ്രായേല്‍ വ്യോമതാവളത്തിന്റെ ഡ്രോണ്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുല്ല. ദൃശ്യങ്ങളില്‍ ഇസ്രയേലിന്റെ റാമത് ഡേവിഡ് എയര്‍ബേസിലെ വ്യോമ പ്രതിരോധ സൗകര്യങ്ങളും വിമാനങ്ങളും ഇന്ധന സംഭരണ യൂണിറ്റുകളും കാണാം. റോക്കറ്റുകളെ നശിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹ്രസ്വ-ദൂര അയണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റം ഉള്‍പ്പെടെ, സൈനിക ഇന്‍ഫ്രാസ്ട്രക്ചര്‍ ലേബലുകളും ഫൂട്ടേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഡ്രോണ്‍ പിടിച്ചെടുത്തതില്‍ ചിലത് മാത്രമാണിതെന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ഹിസ്ബുള്ള പുറത്തുവിടുന്ന മൂന്നാമത്തെ വീഡിയോ ആണിത്. ഇസ്രയേലിന്റെ നിരീക്ഷണം എത്രത്തോളം എത്തിയെന്ന് കാണിക്കാന്‍ വേണ്ടിയാണ് വീഡിയോ പുറത്ത് വിട്ടതെന്നും സംഘം പറഞ്ഞു. ആദ്യ വീഡിയോയില്‍ ഇസ്രായേല്‍ തുറമുഖ നഗരമായ ഹൈഫയും രണ്ടാമത്തേതില്‍ ഇസ്രായേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളും കാണിച്ചിട്ടുണ്ട്.

നിരീക്ഷണ ഡ്രോണ്‍ ഉപയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നും താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യത്തിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തിന്റെയും ലെബനന്റെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഇടയ്ക്കിടെയുള്ള വെടിവയ്പ്പുകളുടെയും പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനിടയിലാണ് വീഡിയോകള്‍ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബറിനുശേഷം ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ 39,145 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ 2.3 ദശലക്ഷം നിവാസികളില്‍ ഭൂരിഭാഗവും പലായനം ചെയ്യപ്പെട്ടന്നാണ് ഫലസ്തീന്‍ അധികാരികളുടെ കണക്കില്‍ പറയുന്നത്.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സൈനിക സംഘര്‍ഷത്തില്‍ ലെബനനില്‍, 350 ഓളം ഹിസ്ബുള്ള പോരാളികളും, കുട്ടികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 100-ലധികം സിവിലിയന്മാരും ഇസ്രായേലിലെ 10 സിവിലിയന്മാരും ഒരു വിദേശ കര്‍ഷക തൊഴിലാളിയും 20 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു.