അസമിലെ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ മുസ്ലീമുകള്‍ക്ക് എതിരായി നടത്തിയ പ്രസംഗം ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമാണ്. തന്റെ നാടായ അസമിലെ മുസ്ലീം ജനസംഖ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലാണ് മുഖ്യമന്ത്രിക്ക് നിലവിലെ ആശങ്ക. ഞാന്‍ അസമില്‍ നിന്നാണ് വന്നത്, ജനസംഖ്യാശാസ്ത്രത്തിലെ മാറ്റം എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്‌നമാണ്. 1951-ല്‍ അസമിലെ മുസ്ലീം ജനസംഖ്യ 14 ശതമാനമായിരുന്നു; ഇന്നത് 40 ശതമാനമായി ഉയര്‍ന്നു. എനിക്ക് പല ജില്ലകളും നഷ്ടപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, മറിച്ച് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്‌നമാണ്. ജാര്‍ഖണ്ഡില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ സംസ്ഥാനത്തിന്റെ സഹ ചുമതലയായി ബിജെപി നിയമിച്ചിരുന്നു. ഈ നിലയില്‍ ജാര്‍ഖണ്ഡിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും റാഞ്ചിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു സംസാരിക്കുകയായിരുന്നു ശര്‍മ്മ. ഈ വാക്കുകളും പ്രസംഗവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തിരുന്നു.
ഇത് കൂടാതെ തന്റെ പ്രസംഗത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശര്‍മ്മ വീണ്ടും എക്‌സ് പോസ്റ്റിലും ആവര്‍ത്തിച്ചു. അസമിലെ മുസ്ലീം ജനസംഖ്യ 1951-ല്‍ 14 ശതമാനത്തില്‍ നിന്ന് ഇന്ന് 40 ശതമാനമായി വന്‍തോതില്‍ ഉയര്‍ന്നുവെന്നാണ് ശര്‍മ്മ ഒരു എക്‌സ് ട്വീറ്റില്‍ പറഞ്ഞത്. ഇതിനെത്തുടര്‍ന്ന്, പല പ്രമുഖ മാധ്യമങ്ങളും വസ്തുതകള്‍ പരിശോധിക്കാതെ ഈ അവകാശവാദം റിപ്പോര്‍ട്ട് ചെയ്തു. ഈ ഔട്ട്ലെറ്റുകളില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് , റിപ്പബ്ലിക് ഭാരത് , ടൈംസ് ഓഫ് ഇന്ത്യ , ദൈനിക് ജാഗരണ്‍ , ദി ഇക്കണോമിക് ടൈംസ് , സീ ന്യൂസ് എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ശര്‍മ്മയുടെ വാദങ്ങള്‍ തള്ളിക്കളയുന്ന സ്ഥിരീകരണം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ സെന്‍സസ് ഇന്ത്യ വെബ്സൈറ്റില്‍ ലഭ്യമായ 1961 ലെ മത സെന്‍സസ് റിപ്പോര്‍ട്ടില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 1951-ലെയും 1961-ലെയും കണക്കുകള്‍ താരതമ്യപ്പെടുത്തി അസമിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഈ രേഖ നല്‍കുന്നു. ഈ രേഖയുടെ പേജ് 4-ല്‍ 1951-ല്‍ അസമിലെ മുസ്ലീം ജനസംഖ്യ 1,995,936 ആയി രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് മൊത്തം ജനസംഖ്യയുടെ 22.60 ശതമാനമാണ്. 1961 ആയപ്പോഴേക്കും അസമിലെ മുസ്ലീം ജനസംഖ്യ 2,765,509 ആയി വര്‍ദ്ധിച്ചു, ഇത് മൊത്തം ജനസംഖ്യയുടെ 23.29 ശതമാനമാണ്. ഈ ഔദ്യോഗിക കണക്കുകള്‍ അസം മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. ചുരുക്കത്തില്‍, അസമിലെ മുസ്ലീം ജനസംഖ്യയെക്കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിച്ചു. 1951-ല്‍ മുസ്ലീം ജനസംഖ്യ 14 ശതമാനമായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു, അതേസമയം ഇന്ത്യന്‍ സര്‍ക്കാരിന്റെ 1951 ലെ സെന്‍സസില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 22.6 ശതമാനമാണ് മുസ്ലീം ജനസംഖ്യ എന്നാണ്.