തിരുവനന്തപുരം മംഗലപുരത്ത് തലയ്‌ക്കോണത്ത് ടെക്‌നോ സിറ്റിക്ക് സമീപത്തെ ജനവാസ മേഖലയിൽ കണ്ടെത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു പിടികൂടി. പിരപ്പന്‍കോട് ഭാഗത്തുവെച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടി തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം മയങ്ങി വീഴുകയായിരുന്നു. മൂന്നു തവണയാണ് മയക്കുവെടിയുതിർത്തത്. നിലവിൽ കാട്ടുപോത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡിഎഫ്ഒ അനിൽ ആൻ്റണി പറഞ്ഞു. കാട്ടുപോത്തിനെ വാഹനത്തിൽ കയറ്റി വനത്തിലേക്ക് അയക്കും.
പാലോട് ഡിവിഷൻ ഓഫീസിൽ എത്തിച്ച് ചികിത്സ നൽകുമെന്ന് അനിൽ ആൻ്റണി പറഞ്ഞു. ഉൾവനത്തിലേക്ക് വിടുക ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും. നെയ്യാർ വനമേഖല ഉൾപ്പെടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ സ്ഥലത്തായിരിക്കും കാട്ടുപോത്തിനെ തുറന്ന് വിടുകയെന്നും അനിൽ ആൻ്റണി പറഞ്ഞു. പാലോട് വനമേഖല പ്രഥമ പരിഗണനയിലാണ്. അന്തിമ തീരുമാനമായിട്ടില്ല. നിരീക്ഷണത്തിന് ശേഷം കാട്ടുപോത്തിനെ തുറന്നുവിടുമെന്ന് അനിൽ ആൻ്റണി പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള പാലോട് വനമേഖലയില്‍ നിന്ന് കൂട്ടംതെറ്റി എത്തിയ കാട്ടുപോത്തെന്നാണ് കരുതുന്നത്. പൂര്‍ണ വളര്‍ച്ച എത്താത്ത ഇതിന് 500 കിലോഗ്രാം ഭാരം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്തിനെ പിടികൂടാനായിരുന്നില്ല. അലഞ്ഞുതിരിയുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസ് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പാലോട് റേഞ്ച് ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ കാല്‍പാടുകള്‍ പരിശോധിച്ച് കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.