2034 ഫിഫ വേൾഡ് കപ്പിനായുള്ള സ്റ്റേഡിയത്തിന്റെ നിർമാണം ദമ്മാമിൽ പുരോഗമിക്കുന്നു. വേൾഡ് കപ്പിന് പുറമേ 2027 ഏഷ്യൻ കപ്പിനും പുതിയ സ്‌റ്റേഡിയം വേദിയാകും. പൂർണമായും ശീതീകരിച്ചതായിരിക്കും സ്റ്റേഡിയം. ബെൽജിയം കമ്പനിയായ ബെസിക്സിന്റെയും സൗദി അൽ ബവാനിയുടെയും നേതൃത്വത്തിലാണ് ദമ്മാമിൽ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നത്.
45,000 ആരാധകരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് പുതിയ സ്റ്റേഡിയം. 3.7 ബില്യൺ റിയാൽ ചെലവിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. എട്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളുമടങ്ങുന്നതാണ് നിർമാണ പ്രവൃത്തികൾ. ദമ്മാം റാക്കയിലെ സ്പോർട്സ് സിറ്റി ഏരിയയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. ഇത്തിഫാഖ്, അൽനഹ്ദ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിനോട് ചേർന്നുള്ള ഭാഗത്തായാണിത്. അതിവേഗ നിർമാണത്തിലുൾപ്പെടുത്തിയ പ്രൊജക്ട് 2026 പകുതിയോടെ കൂടി പൂർത്തിയാക്കാനാണ് പദ്ധതി.
ലോകോത്തര സ്റ്റീൽ നിർമാണ കമ്പനിയായ ജംഗ് സ്റ്റീൽ ഇന്റർനാഷണൽ ദമ്മാം സ്റ്റേഡിയത്തിന്റെ നിർമാണത്തിൽ പങ്കാളിയാകുന്നുണ്ട്. 117 ദശലക്ഷം ഡോളറിന്റെ കരാറാണ് ചൈനീസ് കമ്പനിയായ ജംഗ് സ്റ്റീലിന് ഇതിനായി കൈമാറിയത്. സ്പോർട്സ് മന്ത്രാലയവും സൗദി അരാംകോയും ചേർന്നാണ് സ്റ്റേഡിയം നിർമിക്കുന്നത്.