ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്.
ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നു. exams.nta.ac.in/NEET ലിങ്കിലൂടെ ഫലമറിയാൻ സാധിക്കും.
പുതുക്കിയ റാങ്ക് ലിസ്റ്റിൽ 44 പേർക്ക് ഒന്നാം റാങ്ക് നഷ്ടപ്പെട്ടതായാണ് വിവരം. നാല് ലക്ഷം പേർക്ക് കോടതി തീരുമാനം പ്രകരാം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽനിന്ന് 17 ആയി കുറഞ്ഞു. ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് കോടതി ഇടപെടൽ പ്രകാരം അഞ്ച് മാർക്ക് നഷ്ടമായത്.
പുതിയ പട്ടികയെക്കുറിച്ചും കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.