30 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചു. എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഏതൊക്കെ തൊഴിലുകളാണെന്ന് വ്യക്തമാക്കിയിട്ടില്ല. തീരുമാനത്തിന്റെ വിശദാംശങ്ങൾ സെപ്റ്റംബറിൽ അവ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വെളിപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും സ്വകാര്യമേഖലയിൽ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനുമാണ് തീരുമാനം.
ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒമാൻവത്ക്കരണം വർധിപ്പിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (MoTCIT) നിരവധി കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. 2025 മുതൽ 2027 അവസാനം വരെ ഒമാനികൾക്കായി മന്ത്രാലയം പ്രത്യേക ജോലികൾ അനുവദിക്കും.
2024ൽ ഗതാഗത – ലോജിസ്റ്റിക്സ് രംഗങ്ങളിൽ 20 ശതമാനം ഒമാൻവത്ക്കരണമാണ് ലക്ഷ്യമിടുന്നത്. കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ 31 ശതമാനവും ലക്ഷ്യമിടുന്നു. ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രാരംഭ ഒമാനൈസേഷൻ നിരക്ക് 2025 മുതൽ 20 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലായിരിക്കും, ക്രമേണ വാർഷിക വർധനവ് 100 ശതമാനത്തിലെത്തും.