മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയിൽ സ്തംഭിച്ച് ജനജീവിതം. തലസ്ഥാന നഗരമായ മുംബൈക്ക് പുറമെ പുനെ, താനെ എന്നിവിടങ്ങളിലും മഴ കനത്ത നാശം വിതച്ചു. മിക്കയിടത്തും വെള്ളംകയറി. നദികള്‍ കരകവിഞ്ഞ് പാലങ്ങളടക്കം വെള്ളത്തില്‍ മൂടിയ അവസ്ഥയിലാണെന്ന് ഇവിടെ നിന്നുള്ള വീഡിയോകള്‍ കാണിക്കുന്നു. പൂനെയിലെ എല്ലാ സ്കൂളുകളും കോളേജുകളും ജൂലൈ 25 വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. മഴക്കെടുതിയിൽ പൂനെയില്‍ മാത്രം ഇതുവരെ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പുണെയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുനെയിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേരടക്കം നാല് മരണവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വെള്ളക്കെട്ടിലൂടെ നടന്നവർക്ക് വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേൽക്കുകയായിരുന്നു.
നിർത്താതെ പെയ്യുന്ന മഴയിൽ ഖഡക്‌വാസ്‌ല അണക്കെട്ട് നിറഞ്ഞതോടെ പൂനെ ഭരണകൂടം മുത്താ നദിയിലേക്ക് വെള്ളം തുറന്നുവിടുകയും നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. ഏകതാ നഗർ, സിൻഹഗഡ് റോഡ്, പുലച്ചി വാടി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ കാര്യമായ വെള്ളക്കെട്ടുണ്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.
സിംഹഗഡ് റോഡിലെ ഒരു പാർപ്പിട സമുച്ചയത്തിൽ, ജലനിരപ്പ് നെഞ്ച് ഉയരത്തിൽ ഉയർന്നതിനാൽ ഇവിടെ താമസിച്ചിരുന്നവരെ ബോട്ടിലെത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോകളില്‍ ജലനിരപ്പ് പൂനെയിലെ ഭിഡെ പാലം മൂടുന്നത് കാണിച്ചു. എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ 400 ഓളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു.
കത്രാജിലെ നാനാസാഹെബ് പേഷ്വാ തടാകം നിറഞ്ഞൊഴുകുന്നതും വീഡിയോയില്‍ കാണാം. നാല് മണിക്കൂറിനുള്ളിൽ 370 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയ ലോണാവാല വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നേരിടുന്നത്. ലോണാവാലയിലേക്കോ സമീപത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലോ യാത്ര ചെയ്യുന്നതിനെതിരെ അധികൃതർ ടൂറിസ്റ്റുകൾക്ക് മുന്നറിയിപ്പ് നൽകി. മഴയെത്തുടർന്ന് പൂനെ-കൊലാഡ് ഹൈവേ അടച്ചു. നീര നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന വീർ അണക്കെട്ട് 85 ശതമാനത്തോളം നിറഞ്ഞിരിക്കുകയാണ്. നദീതീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വെള്ളിയാഴ്ച വരെ പൂനെയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയും സമതലങ്ങളിൽ മിതമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.
മുംബൈയിൽ കനത്തമഴയെത്തുടർന്ന് വിമാനസർവീസുകൾ തടസപ്പെട്ടു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. നഗരത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നു. സിയോൻ, അന്ധേരി, ചെമ്പൂർ, കുർള എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. വെള്ളിയാഴ്ച രാവിലെവരെ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ രൂക്ഷമാകുന്നതിൽ ഭരണസംവിധാനം ജാഗ്രത പാലിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണ്. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത് നിവാരണ സേന എന്നിവയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.