കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരന് അഫ്നാന് കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര് മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരം വലിയ ആശങ്കയായി പടരുമ്പോൾ ഈ രോഗത്തെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളുണ്ട്. രോഗം ഉണ്ടാക്കുന്ന അമീബ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്നവയാണ്. അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ജ്വരം എന്ന് ഡോക്ടർമാർ പറയുന്നു. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്.
രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.
എടുക്കേണ്ട മുൻകരുതൽ എന്തൊക്കെ?
1. വൃത്തിഹീനമായ വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക
2. ചെറിയ കുളങ്ങൾ, കിണറുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക3. ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക