പാരിസ്: ഒളിമ്പിക്സിൽ കന്നി അമ്പെയ്ത്ത് മെഡലിലേക്ക് ഉന്നംവെക്കുന്ന ഇന്ത്യക്ക് മികച്ച തുടക്കം. അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ കടന്നു. ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭകത് എന്നിവരടങ്ങുന്ന ടീമാണ് റാങ്കിംഗ് റൗണ്ടിൽ 1983 പോയിൻ്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
2,046 പോയിൻ്റ് നേടിയ ദക്ഷിണ കൊറിയ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ യഥാക്രമം ചൈനയും(1,996), മെക്സിക്കോയും(1,986) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ്-ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ.
666 പോയിന്റുമായി അങ്കിത 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സീസണിലെ മികച്ച പ്രകടനമാണിത്. റാങ്കിംഗ് റൗണ്ടിൽ, ഓരോ ഷൂട്ടറും 72 അമ്പുകൾ ലക്ഷ്യ സ്ഥാനത്ത് എയ്യേണ്ടതുണ്ട്. 36 വീതം അവസരമുള്ള രണ്ട് പകുതികളാണ് റൗണ്ടിലുള്ളത്. ഓരോ സെറ്റിലും ആറ് അമ്പുകൾ എയ്യാം.
അങ്ങനെ ആറ് സെറ്റുകൾ. ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. ആദ്യ സെറ്റിൽ ഇന്ത്യൻ അമ്പെയ്‌ത്ത് താരങ്ങളായ അങ്കിത ഭകത് 54 പോയിൻ്റ് നേടി 22-ാം സ്ഥാനത്തും ദീപിക കുമാരിക്ക് 51 പോയിൻ്റുമായി 51-ാം സ്ഥാനവും ഭജൻ കൗറിന് 51 പോയിൻ്റുമായി 52-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്യാനായത്. അതേ സമയം സൂപ്പർ താരമായ ദീപികക്ക് തന്റെ മികച്ച ഫോമിലേക്കുയരാനായില്ല. എന്നാൽ അടുത്ത മാച്ചിൽ ടീം മികവിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
ക്വാർട്ടറിൽ ജയിച്ചാലും സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികൾ. റാങ്കിങ് റൗണ്ടിൽ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉൾപ്പെടുന്ന പൂളിലായത്.
പ്രധാന ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ അമ്പ് ഇതുവരെ മെഡലിൽ കൊണ്ടിട്ടില്ല. ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്. റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുത്ത 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിച്ചു. ഇതിലെ അവസാന സ്കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിച്ചത്.