ബെംഗളൂരു: ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നീളാൻ സാധ്യത. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. നാവികർക്ക് സുരക്ഷിതമായി നദിയിൽ ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാനാകില്ലെന്നും കളക്ടർ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുമെന്ന് കളക്ടർ നേരത്തെ വ്യകതമാക്കിയിരുന്നു. തെർമൽ സ്കാനർ ഉപയോഗിച്ച് മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തും. രാത്രിയിലെ താപനിലയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും കളക്ടർ വ്യക്തമാക്കി.
മേജർ ഇന്ദ്രപാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോർട്ട് പ്രാകരം മൂന്നിടങ്ങളിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇതിൽ ഒന്നിൽ നിന്നും കൂടുതൽ സിഗ്നൽ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയിൽ നിന്ന് വ്യക്തമാകുന്ന സിഗ്നൽ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.
ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം, നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ അവിടേക്ക് നീന്തിയെത്തുകയാണ് മുന്നിലുള്ളത്. എന്നാൽ പുഴയുടെ അടിയൊഴുക്ക് ശക്തമാണ്. നിലവിൽ അടിയൊഴുക്ക് ആറ് നോട്ട്സ് വരെയാണ്. മേജർ ഇന്ദ്രപാലൻ പറഞ്ഞതനുസരിച്ച് മുങ്ങൽ വിദഗ്ധർക്ക് മൂന്ന് നോട്ട്സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു. കൂടുതൽ പേരുടെ ജീവൻ അപകടത്തിലാക്കാൻ സാധിക്കുകയില്ലെന്നും കളക്ടർ കൂട്ടിചേർത്തു.
പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ട്രക്കിന്റെ സ്ഥാനമോ ക്യാബിനോ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സൈന്യം ചൂണ്ടിക്കാട്ടി. ഗംഗാവലി പുഴയിൽ രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. രാത്രി നടക്കുന്ന തെർമൽ സ്കാനിംഗിലും മനുഷ്യസാന്നിദ്ധ്യം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. അതേ സമയം നദിയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.