ഇന്ത്യ-ഒമാൻ ബിസിനസ് മീറ്റ് സംഘടിപ്പിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി. കാർഷിക, ഭക്ഷ്യ മേഖലകളിൽ നിന്നുള്ള 27 ഇന്ത്യൻ കമ്പനികളും മുപ്പതിലധികം ഒമാനി കമ്പനികളും ബിസിനസ് മീറ്റിൽ പങ്കെടുത്തു. മസ്‌കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ കാർഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റി സെക്രട്ടറി ഡോ. സുധാംഷുവിന്റെ നേതൃത്വത്തിലാണ് ബിസിനസ് മീറ്റ് നടന്നത്. ഇന്ത്യൻ കയറ്റുമതിക്കാരും ഒമാനി ഇറക്കുമതിക്കാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് ബിസിനസ് മീറ്റ് വേദിയായി.
അരി, കോഴി, കാർഷിക ഉൽപന്നങ്ങൾ എന്നിങ്ങനെ ഇന്ത്യ മികവ് പുലർത്തുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ചകളും നടന്നു. ഇന്ത്യയുടെ കാർഷിക കയറ്റുമതി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു.
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന അവസരങ്ങളും തന്ത്രങ്ങളും ഉയർത്തിക്കാട്ടുന്ന ഭക്ഷ്യ, കൃഷി, സമുദ്ര മേഖലകളെക്കുറിച്ചുള്ള സമഗ്രമായ വിപണി പഠന റിപ്പോർട്ട് അംബാസഡറും അതിഥികളും ചേർന്ന് പുറത്തിറക്കി. ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഒമാനിലേക്കുള്ള സന്ദർശനം ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും ഒമാനി പങ്കാളികളുമായി പുതിയ ബിസിനസ്സ് അവസരങ്ങൾ കണ്ടെത്തുന്നതിനും മികച്ച വേദിയായി മാറുകയും ചെയ്തു.