പാരിസ് ഒളിമ്പിക്സ് അമ്പെയ്‌ത്തിൽ ഇന്ത്യൻ വനിതാ ടീമിന് പിന്നാലെ പുരുഷ ടീമും നേരിട്ട് ക്വാർട്ടറിലേക്ക് കടന്നു. റാങ്കിംഗ് റൗണ്ടിൽ 2,013 പോയിന്റോടെ ഇന്ത്യ മൂന്നാമതായാണ് ക്വാർട്ടറിലേക്ക് കടന്നത്. കൊറിയക്കാണ് ഒന്നാം സ്ഥാനം ഫ്രാൻസാണ് രണ്ടാമത്. ചൈന ഇന്ത്യക്ക് പിന്നിൽ നാലാമതായി ഫിനിഷ് ചെയ്തു.
ധീരജ് ബൊമ്മദേവരയുടെ പ്രകടനമാണ് ഇന്ത്യക്ക് ഗുണമായത്. 681 പോയന്‍റുമായി ധീരജ് നാലാമതെത്തി. 14ാമത് ഫിനിഷ് ചെയ്ത തരൂൺദീപ് 674 പോയന്‍റ് നേടി. പ്രവീൺ 39ാം സ്ഥാനത്തെത്തി, 658 പോയന്‍റ്. ദക്ഷിണ കൊറിയ ഒന്നാമതും ഫ്രാൻസ് രണ്ടാമതുമെത്തി. നാലാം സ്ഥാനത്തെത്തിയ ചൈനയും ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടി.
യോഗ്യതാ റൗണ്ടിൽ 1983 പോയന്‍റുമായി ഇന്ത്യൻ വനിതകളും നേരത്തെ ക്വാർട്ടറിലെത്തിയിരുന്നു. ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭകത് എന്നിവരടങ്ങുന്ന ടീമാണ് റാങ്കിംഗ് റൗണ്ടിൽ 1983 പോയിൻ്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 2,046 പോയിൻ്റ് നേടിയ ദക്ഷിണ കൊറിയ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ യഥാക്രമം ചൈനയും(1,996), മെക്സിക്കോയും(1,986) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 666 പോയിന്റുമായി വ്യക്തിഗത വിഭാഗത്തിൽ അങ്കിത 11-ാം സ്ഥാനം നേടി.