മുകേഷ് അംബാനിയുടെ ഭാര്യ എന്ന നിലയില്‍ മാത്രം ഒതുങ്ങി കൂടിയ വ്യക്തിയല്ല നിത അംബാനി. ബിസിനസുകാരിയെന്ന നിലയിലും മാനുഷിക പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലുമെല്ലാം മുന്‍പന്തിയില്‍ തന്നെയുണ്ട് നിത അംബാനി. അംബാനി കുടുംബത്തിലെ വിശേഷങ്ങള്‍ അറിയാന്‍ നിരവധി പേരാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ നിത അംബാനിയുടെ കാര്‍ കളക്ഷന്‍ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ വീട്ടിലെ കാര്‍ ആകുമ്പോള്ഒട്ടും കുറയില്ലെന്ന് എല്ലാവര്ക്കും അറിയാം.
നിത അംബാനിയുടെ ഏറ്റവും വില കൂടിയ കാര്‍ റോള്‍സ് റോയ്സ് ഫാന്റം VIII എക്സ്റ്റെന്‍ഡഡ് വീല്‍ബേസ് (EWB) ആണ്. പ്രത്യേക റോസ് ക്വാര്‍ട്സിന്റെ പുറംഭാഗവും ഓര്‍ക്കിഡ് വെല്‍വെറ്റ് ഇന്റീരിയറും ഈ കാറിന്റെ പ്രത്യേകതയാണ്. പോളിഷ് ചെയ്ത ഡിന്നര്‍ പ്ലേറ്റ് അലോയ് വീലുകളും മുന്‍വശത്ത് ഒരു ഇല്യുമിനേറ്റഡ് ഗ്രില്ലും ഉള്ള ഗോള്‍ഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസിയാണ് കാറിലുള്ളത്. ഇതുകൂടാതെ, പ്രത്യേക NMA (നീത.മുകേഷ്. അംബാനി) പേര് ഹെഡ്റെസ്റ്റില് എംബ്രോയ്ഡറി ചെയ്തിട്ടുമുണ്ട്.
ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ ഈ കാര്‍ വലിയ 6.75 ലിറ്റര്‍ V12 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് വരുന്നത്. ഈ എഞ്ചിന് 571 bhp കരുത്തും 900 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയും. ഏകദേശം 10 കോടി രൂപ മുതലാണ് ഈ റോള്‍സ് റോയ്സിന്റെ അടിസ്ഥാന വില. എന്നാല്‍, നിത അംബാനിയുടെ കാറിന്റെ പ്രത്യേക രൂപകല്‍പ്പനയും മാറ്റങ്ങളും കാരണം അതിന്റെ വില 12-15 കോടി രൂപയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.