മുംബൈ: കൊങ്കണിലും ഗോവയിലും മധ്യ മഹാരാഷ്ട്രയിലും അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കനത്ത മഴ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും ഇവിടങ്ങളിൽ പ്രതീക്ഷിക്കാം. കൂടാതെ മുംബൈ നിവാസികളോട് നാളെ രാവിലെ 8.30 വരെ വീടിനുള്ളിൽ തന്നെ തുടരണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
മുംബൈയിലും പൂനെയിലും കനത്തമഴയിൽ പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. സിയോൺ, ചെമ്പുർ, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിലായി. നാളെ രാവിലെ 8.30 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടിടത്തും വിമാന, ട്രെയിൻ സർവീസുകളെ മഴ ബാധിച്ചിട്ടുണ്ട്.
താനെ, പാൽഘർ, പൂനെ, കോലാപൂർ, സത്താറ, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിലാൽ മുംബൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.