ബെംഗളൂരു: ഷിരൂരിൽ ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. രാത്രി ഡ്രോൺ പരിശോധനയില്ലെന്നും തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോൺ പരിശോധന ഉൾപ്പടെ മുഴുവൻ തിരച്ചിലുകളും നാളെ പുനരാരംഭിക്കും.
ശക്തമായ കാറ്റ് കാരണം ഡ്രോൺ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷിരൂർ ഉൾപ്പെട്ട ഉത്തര കന്നഡിയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗംഗാവലി നദിയിൽ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. ദൗത്യത്തിന് തുടക്കം മുതൽ പ്രതിസന്ധി സൃഷ്ടിച്ച് കനത്ത മഴയാണ് പെയ്യുന്നത്.
പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ട്രക്കിന്റെ സ്ഥാനമോ ക്യാബിനോ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രി നടക്കുന്ന തെർമൽ സ്കാനിംഗിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. അടുത്ത ദിവസങ്ങളിൽ മഴ മാറിനിൽക്കാൻ സാധ്യതയില്ല. കാലാവസ്ഥ പ്രതികൂലമായാൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വീണ്ടും അനിശ്ചിതത്വം തുടരും.
സേനകൾക്ക് സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നാണ് ഐ ബോഡ് സിഗ്നലും ലഭിച്ചിരിക്കുന്നത്. എന്നാൽ ലോറിയുടെ ഉള്ളിൽ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും മേജർ ഇന്ദ്രബാലൻ അറിയിച്ചു. അതേ സമയം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗം ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ടാങ്കർ ഡ്രൈവർ ശരവണന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് കാർവാർ എംഎൽഎ അറിയിച്ചു.