Kerala

അർജുനായുള്ള തെരച്ചിൽ പതിനൊന്നാം നാളിലേക്ക്; ട്രക്ക് കണ്ടെടുക്കാൻ നാവികസേന ഇന്നും ശ്രമം തുടരും | The search for Arjun goes to the eleventh day; The Navy will continue its efforts to recover the truck today

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് വീണ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് കണ്ടെടുക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.

നദിക്കടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരാകും പരിശോധിക്കുക. ദില്ലിയിൽ നിന്ന് എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം കൂടുതൽ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്റർ അകലെയായി 8 മുതൽ 10 മീറ്റർ ആഴത്തിലാണ് ട്രക്കുള്ളത്. കുറഞ്ഞത് അഞ്ച് മീറ്റർ ആഴത്തിൽ ക്യാബിനും ലോറിയും വേർപെടാത്ത നിലയിലാണ് ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തൽ. നാവിക സേനയുടെ ഡൈവർമാരുടെ സംഘത്തിന് ബോട്ടുകൾ പുഴയുടെ നടുവിൽ ഉറപ്പിച്ച് നിർത്താൻ പോലും പുഴയിലെ കനത്ത കുത്തൊഴുക്ക് കാരണം ഇന്നലെ സാധിച്ചില്ല. ഇന്ന് ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്.

വ്യാപകമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പുഴയിലെ സ്ഥിതി നോക്കി മാത്രമേ അർജുന് വേണ്ടി ഡൈവർമാരെ ഇറക്കി ഉള്ള തെരച്ചിൽ നടക്കൂ. ഇന്നലെ ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ ഡ്രോൺ റഡാർ സംവിധാനമായ ഐബോഡ് മലയാളിയായ റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ പരിശോധിച്ച് ലോഹഭാഗങ്ങൾ കണ്ടെത്തിയ 4 ഇടങ്ങളുടെ സിഗ്നൽ മാപ്പ് തയ്യാറാക്കിയിരുന്നു. ഇതിൽ അർജുന്റെ ട്രക്കിന്റെ മുൻ വശം അടക്കം കണ്ടെത്തി. ഇതിന് അകത്ത് അർജുൻ ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ഒരു സ്‌കൂബ ഡൈവർ ഇറങ്ങി പരിശോധിക്കണം.