ഏതൊരു സ്ഥാപനത്തിന്റെയും നട്ടെല്ല് ആ സ്ഥാപനത്തിലെ ജീവനക്കാരാണ്. എന്നാല്‍, ജീവനക്കാര്‍ നേരേ അല്ലെങ്കില്‍ എന്തു ചെയ്യും. അതാണ് ഇപ്പോള്‍ KSEB നേരിടുന്ന പ്രധാന പ്രശ്‌നം എന്നാണ് ലഭിക്കുന്ന സൂചന. KSRTCയിലും ഇതേ അവസ്ഥ ഉണ്ടായിരുന്നുവെന്നാണ് വകുപ്പുമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പറഞ്ഞത്. നിയമസഭയിലും ഗണേഷ്‌കുമാര്‍ ജീവനക്കാരുടെ മദ്യപാനം വെച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ KSRTCയില്‍ അത്യാധുനിക ബ്രീത്ത് അനലൈസര്‍ വാങ്ങി പരിശോധനയും ആരംഭിച്ചു.
തുടര്‍ന്ന് മദ്യപിച്ച് എത്തിയ ജീവനക്കാരെ പിടികൂടാനും തുടങ്ങി. ചിലയിടങ്ങളില്‍ അത്യാധുനിക മെഷീന്‍ മദ്യപാനികള്‍ അല്ലാത്തവരെയും മദ്യപാനികളാക്കി മാറ്റി. ചിലയിടങ്ങളില്‍ നിന്നും തനി മദ്യപാനികളായ ജീവനക്കാരെയും പിടികൂടി. കൈയ്യോടെ നോട്ടീസ് കൊടുക്കുകയും ചെയ്തു. ഇങ്ങനെ നിരന്തരം ബ്രീത്ത് അനലൈസര്‍ നിരീക്ഷണം ശക്തമായതോടെ മദ്യപാനികളുടെ എണ്ണം കുറഞ്ഞു വന്നിട്ടുണ്ടെന്നാണ് സൂചനകള്‍. KSRTCയില്‍ നടപ്പാക്കിയ ബ്രീത്ത് അനലൈസര്‍ നിരീക്ഷണം KSEBയിലും ആരംഭിക്കാന്‍ തീരുമാനിച്ചതും പഴയ KSRTC എംഡി ആയിരുന്ന ബിജു പ്രഭാകര്‍ തന്നെയാണ്.
ബോര്‍ഡിലെ വിജിലന്‍സ് സംഘമാണ് പരിശോധനയ്ക്കിറങ്ങുന്നത്. ഇതിനായി എട്ട് ബ്രീത്ത് അനലൈസറുകള്‍ വാങ്ങിക്കഴിഞ്ഞു. സംസ്ഥാനമെമ്പാടുമുള്ള സെക്ഷന്‍ ഓഫീസുകളില്‍ ഉടന്‍ പരിശോധന തുടങ്ങുമെന്നാണ് അറിയുന്നത്. ഫീല്‍ഡ് ജീവനക്കാര്‍ക്കിടയിലും കര്‍ശന പരിശോധനയുണ്ടാകും. ചില ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിക്കുന്നതായി കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകറിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്രീത്ത് അനലൈസര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഐ.ജി.യുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈ.എസ്.പി.മാര്‍, ഒരു എസ്.ഐ., ഒരു എ.എസ്.ഐ., ഏഴ് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന വിജിലന്‍സ് സംഘത്തിന് ബ്രീത്ത് അനലൈസര്‍ വൈകാതെ കൈമാറും.
തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ബോര്‍ഡ് ചെയര്‍മാന്റെ വാര്‍ റൂം തുടങ്ങുന്നുണ്ട്. വൈദ്യുതി മോഷണം, അഴിമതി, മദ്യപാനം തുടങ്ങിയവയെപ്പറ്റിയെല്ലാം വാട്‌സാപ്പ്, ഇ-മെയില്‍ എന്നിവ വഴി പരാതി സ്വീകരിക്കാനാണ് വാര്‍റൂം തുറക്കുന്നത്. മദ്യപാനം സംബന്ധിച്ച് പരാതി കിട്ടിയാല്‍ വിജിലന്‍സ് ഐ.ജി.ക്ക് കൈമാറുകയും സംഘത്തെ അയച്ച് ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തുകയും ചെയ്യും. പരിശോധനാഫലം അപ്പോള്‍ത്തന്നെ വാര്‍ റൂമിലൂടെ ചെയര്‍മാന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ജോലിസമയത്ത് മദ്യപിച്ചതായി തെളിഞ്ഞാല്‍, വൈദ്യപരിശോധന കൂടാതെ അപ്പോള്‍ത്തന്നെ നടപടി എടുക്കുകയും ചെയ്യും.
മദ്യപിച്ച് വാഹനമോടിക്കുന്നതു തടയാന്‍ മൂന്നുമാസം മുമ്പാണ് കെ.എസ്.ആര്‍.ടി.സി ബ്രീത്ത് അനലൈസര്‍ പരിശോധന നടപ്പാക്കിയത്. അതേസമയം, ബ്രീത്ത് അനലൈസര്‍ പരിശോധനയുമായി ജീവനക്കാര്‍ സഹകരിക്കുമോ എന്നതാണ് മറ്റൊരു പ്രശ്‌നം. ഇതുവരെ ഇല്ലാതിരുന്ന പുതിയൊരു നിരീക്ഷണമാണിത്. ഇത് ജീവനക്കാരോടുള്ള വിശ്വാസം ഇല്ലായ്മയാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനം. എല്ലാ ജീവനക്കാരെയും പൊതു സമൂഹത്തിനു മുമ്പില്‍ മോശക്കാരാക്കുന്ന നടപടിയായേ ഇത് വ്യാഖ്യാനിക്കപ്പെടൂ എന്നാണ് ജീവനക്കാരുടെ സംഘഠനകള്‍ പറയുന്നത്.
CONTENT HIGHLIGHTS;Do electricity and alcohol mix? : Breathalyzer test in KSEB too ?; Employees may leave?