Fact Check

കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി ക്യാമറ; വൈദ്യുതി ബില്‍ ഉയരുമോ? പ്രചാരണവുമായി സോഷ്യല്‍ മീഡിയ, സത്യാവസ്ഥ എന്ത്

കെഎസ്ഇബിക്ക് ഇപ്പോള്‍ നല്ല കാലമല്ലെന്ന് തോന്നുന്നു, കാരണം ചെറിയൊരു വാര്‍ത്ത വന്നാല്‍ അതെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രോളാക്കാന്‍ കുറെ പേര്‍ ഇരിപ്പുണ്ട്. സമീപ കാലങ്ങളില്‍ കെഎസ്ഇബിയുടെ പെരുമാറ്റം മൂലം കഷ്ടതയനുഭവിച്ച ചില ഉപഭോക്താക്കളുടെ ദുരനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ജനവികാരം എതിരാക്കാന്‍ കാരണമായത്. വര്‍ക്കല അയിരൂരില്‍ ഈയടുത്ത് കെഎസ്ഇബി ഉദ്യോഗസ്ഥരില്‍ നിന്നും വീട്ടുകാര്‍ക്ക് ഉണ്ടായ സംഭവം വലിയ വിവാദങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു. കെഎസ്ഇബി ഓഫീസുകളില്‍ പ്രതിഷേധിച്ച് എത്തുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് നേരെ അക്രമണങ്ങള്‍ ഉണ്ടായ പശ്ചത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു. സിസിടിവി ക്യാമറ സ്ഥാപിക്കുകയും അതുപോലെ ഫോണുകളില്‍ ശബ്ദം റിക്കോര്‍ഡ് ചെയ്യുമെന്നും മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഈ നടപടിയെ തെറ്റായി വ്യാഖാനിച്ചുകൊണ്ട് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. തുളസി രാമ തുളസി എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്നും വന്ന പോസ്റ്റില്‍ കെഎസ്ഇബിയുടെ ഓഫീസുകളില്‍ ക്യാമറ സ്ഥാപിക്കുന്ന വാര്‍ത്തയുടെ ചിത്രത്തിനൊപ്പം അടുത്ത തവണ മുതല്‍ വൈദ്യുതി ബില്‍ ഉയരുമെന്നും ക്യാമറയുടെ പൈസ ബില്ലില്‍ ഉയരുമെന്നുമാണ് പ്രചരണവും നടത്തി. ഈ പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്തു.

എന്നാല്‍ പോസ്റ്റില്‍ പറയുന്നതനുസരിച്ച് യാതൊരു നീക്കവും കെഎസ്ഇബിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് മനോരമ ന്യുസ് ഒരു വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയില്‍ പറയുന്നതനുസരിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കും ഓഫീസുകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, വൈദ്യുതി ബോര്‍ഡിന്റെ ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ തീരുമാനം. പൊതുജനസമ്പര്‍ക്കമുള്ള എല്ലാ ഓഫിസുകളിലുമാണ് ക്യാമറ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഓഫിസുകളുടെ ലാന്‍ഡ്‌ഫോണുകളില്‍ റെക്കോഡിങ് സംവിധാനം ഏര്‍പ്പെടുത്താനും ഉത്തരവിട്ടു. പത്തനംതിട്ട ജില്ലയിലെ വായ്പൂര്‍ കെ.എസ്.ഇ.ബി ഓഫീസില്‍ ഏപ്രിലില്‍ ഉണ്ടായ അക്രമം മൊബൈല്‍ ഫോണിലാണ് റെക്കോര്‍ഡുചെയ്തത്. എന്നാല്‍ എപ്പോഴും അത് സാധ്യമായെന്നു വരില്ല. അതുകൊണ്ടാണ് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന വൈദ്യുതി ബോര്‍ഡ് ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്. ശബ്ദവും റെക്കോഡുചെയ്യാന്‍ പറ്റുന്ന സംവിധാനമാണ് സ്ഥാപിക്കുക. ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫസുകള്‍, ഫ്രണ്ട് ഓഫിസുകള്‍, ക്യാഷ് കൗണ്ടറുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, എ.ഇയുടെയും എസ്.ഇയുടെയും മുറികള്‍ തുടങ്ങിയവയില്‍ സിസിടിവി ക്യാമറങ്ങള്‍ സ്ഥാപിക്കാനാണ് വിതരണ വിഭാഗം ചീഫ് എന്‍ജീയര്‍മാര്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കുറഞ്ഞത് രണ്ടാഴ്ചത്തെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കും. ഫ്രണ്ട് ഓഫിസിലോ റിസപ്ഷനിലോ ഉള്ള ലാന്‍ഡ്‌ഫോണില്‍ റെക്കോഡിങ് സംവിധാനം ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല അക്രമങ്ങളിലും പ്രതികള്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുന്ന സാഹചര്യത്തിലാണ് നടപടിയെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഈ വാര്‍ത്തയില്‍ ഒരിടത്തും വൈദ്യുതി ബില്‍ ഉയരുമെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടാതെ കെഎസ്ഇബിയുടെ തിരുവനന്തപുരം പട്ടത്തുള്ള ആസ്ഥാന മന്ദിരമായ വൈദ്യുതി ഭവനിലെ ഒരു ഉന്നതദ്യോഗസ്ഥനുമായി ഈ വിഷയത്തില്‍ സംസാരിച്ചപ്പോള്‍ തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. ഇതുവരെ ചാര്‍ജ് വര്‍ദ്ധനവ് വിഷയത്തില്‍ യാതൊരു തീരുമാനവും കൈഎസ്ഇബി കൈക്കൊണ്ടിട്ടില്ലെന്നും ഓഫീസില്‍ നിന്നും അറിയിച്ചു. ഇതോടെ തുളസി രമ തുളസി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വ്യാജമായിരുന്നുവെന്ന് കണ്ടെത്തി.

Latest News