കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെയും എല്ലാ മദ്യവില്‌പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച്, മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിറക്കി.
തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും എത്തിച്ചേരുന്ന സാഹചര്യത്തിൽ സുരക്ഷയും ക്രമസാമാധാനവും ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് മദ്യ നിരോധനം ഏർപ്പെടുത്തിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും ബലിക്കടവുകളിലും കര്‍ക്കടക വാവു ബലിയോടനുബന്ധിച്ച ചടങ്ങുകള്‍ക്ക് ഹരിതചട്ടം നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് ബാനറുകള്‍ക്കു പകരം തുണിയിലോ പേപ്പറിലോ ഓലയിലോ പ്രകൃതിക്കിണങ്ങുന്ന ബാനറുകള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക് ബിന്നുകള്‍ക്കു പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കളില്‍ തീര്‍ത്ത ബിന്നുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.