ഹിജാബ് ധരിക്കുന്നതിനാല്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാന്‍സിന്റെ അത്ലറ്റ് സൗങ്കമ്പ സില്ലയുടെ ആരോപണം പുറത്തുവന്നത് വന്‍ വിവാദത്തിന് വഴിവെച്ചു. തുടര്‍ന്ന് പാരീസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് അത്ലറ്റ് സൗങ്കമ്പ സില്ലയ്ക്ക് തൊപ്പിയണിഞ്ഞ് പങ്കെടുക്കാന്‍ അനുമതി നല്‍കി ഒളിംപിക്സ് കമ്മിറ്റി. ഇപ്പോള്‍ പരേഡില്‍ തൊപ്പിയണിഞ്ഞ് പങ്കെടുക്കാമെന്ന് താരത്തെ അറിയിക്കുകയും അവര്‍ അംഗീകരിക്കുകയും ചെയ്തതായി ഒളിംപിക്സ് കമ്മിറ്റി അറിയിച്ചു. 400 മീറ്റര്‍, മിക്സഡ് റിലേ മത്സരങ്ങളിലാണ് ഇരുപത്തിയാറുകാരി പങ്കെടുക്കുന്നത്.
‘നിങ്ങളുടെ രാജ്യത്ത് സംഘടിപ്പിക്കുന്ന ഒളിംപിക്സിലേക്ക് നിങ്ങളെ തിരഞ്ഞെടുത്തു. പക്ഷേ നിങ്ങള്‍ ഹിജാബ് ധരിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല”. ഫ്രഞ്ച് ഒളിംപിക്സ് കമ്മിറ്റിയില്‍ നിന്ന് ഇത്തരമൊരു അറിയിപ്പാണ് താരത്തിന് നേരത്തെ ലഭിച്ചത്. ഇതോടെ ഉദ്ഘാടന ചടങ്ങില്‍ ടീമിന്റെ ഭാഗമായി പരേഡില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. സൗങ്കമ്പ സില്ല സംഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വിഷയത്തില്‍ വ്യാപക ചര്‍ച്ച ഉയര്‍ന്നു. ഇതോടെയാണ് ഭാഗികമായി അംഗീകരിക്കാന്‍ അധികൃതര്‍ തയാറായത്. ”ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഒടുവില്‍ ധാരണയിലെത്തിയിരിക്കുന്നു. തുടക്കം മുതല്‍ പിന്തുണച്ചവര്‍ക്ക് നന്ദി”-സൗങ്കമ്പ സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ കുറിച്ചു.
ഫ്രാന്‍സിലെ പൊതുമേഖല തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ രാജ്യത്തിനായി ഒളിംപിക്സില്‍ പങ്കെടുക്കുന്നവര്‍ക്കും ബാധകമാണെന്ന് ഒളിംപിക്സ് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാര്‍ഷ്യന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ വിലക്കില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളിലെ അത്ലറ്റുകള്‍ക്ക് ഇത് ബാധകമാകില്ല.
പതിനായിരക്കണക്കിന് കായിക താരങ്ങള്‍ അണിനിരക്കുന്ന ഒളിംപിക്സില്‍ വിവിധ മതവിഭാഗക്കാര്‍ പങ്കെടുക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ മുസ്ലിം അത്ലറ്റുകള്‍ക്കൊന്നും ഇത്തരം വിലക്കില്ല. മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഫ്രാന്‍സിന്റെ മുസ്ലിംകളോടുള്ള വിവേചനമാണിതെന്നാണ് വിമര്‍ശനമുയരുന്നത്. യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ വക്താവായ മരിയ ഹുര്‍ട്ടാഡൊ ഫ്രഞ്ച് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ഒരു സ്ത്രീ എന്ത് ധരിക്കണം, ധരിക്കണ്ട എന്നത് ആരും അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്നായിരുന്നു മരിയയുടെ വാക്കുകള്‍. അതേ സമയം തൊപ്പി ധരിച്ച് സില്ല ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഗാസക്കെതിരെ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെ ഒളിമ്പിക്സില്‍ നിന്ന് വിലക്കണമെന്ന ആവശ്യം വളരെ ശക്തമാണ്. പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ ഇസ്രയേലിനെ ഒളിമ്പിക്സില്‍ നിന്ന് വിലക്കണമെന്ന് ഐ.ഒ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ ഏഴ് മുതല്‍ 15,000 കുട്ടികള്‍ ഉള്‍പ്പെടെ 38,000 പലസ്തീനികള്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ ആരോപണം നേരിടുന്ന ഇസ്രയേലിന് അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധന ആവശ്യം. എന്നാല്‍ ഇസ്രയേലിന് നേരെ യാതൊരു നടപടിയും കൈക്കൊളളാന്‍ സംഘടന ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ യാതൊരു ചോദ്യവും ഉയര്‍ന്നു വരേണ്ടതില്ല എന്നാണ് ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞത്. എങ്കിലും ഈ ആവശ്യങ്ങളും ആഹ്വാനങ്ങളും ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
അതേസമയം, മുപ്പതാമത് ഒളിംപിക്സിന് ഇന്ന് പാരിസില്‍ ഔദ്യോഗിക തുടക്കം. (Paris Olympics begin today; Inaugural ceremonies on the river Seine ) പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍. സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് സംസ്‌കാരവും പുതിയ കാലത്തിന്റെ നവഭാവുകത്വവും നിറഞ്ഞു നില്‍ക്കും. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റടക്കം നദിയിലൂടെയാവും നടക്കുക. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക.
10,500 അത്ലറ്റുകള്‍ നൂറോളം നൗകകളിലാണ് അണിനിരക്കുക. ആസ്റ്റര്‍ലിറ്റ്സ് പാലത്തിനരികില്‍നിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജര്‍ദിന്‍ ഡെസ് പ്ലാന്റസില്‍ അവസാനിക്കും. പഴയ പാലങ്ങള്‍ക്കും പ്രശസ്തമായ കെട്ടിടങ്ങള്‍ക്കും അരികിലൂടെയുള്ള നദിയിലൂടെ 206 നൗകകള്‍ പല വര്‍ണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് വര്‍ണമനോഹര കാഴ്ച്ചയാകും. ദീപം തെളിച്ച ശേഷം ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇവിടെ തന്നെ നടക്കും.
ദീപം ആര് തെളിക്കും ?
ഒളിംപിക്സിന്റെ സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിന്റെ സസ്പെന്‍സ് ഇപ്പോഴും തുടരുകയാണ്. ദീപം തെളിയിക്കുന്നത് ആരായിരിക്കുമെന്ന ചോദ്യത്തിന് ഇതിഹാസ ഫുട്ബോളര്‍ സിനദിന്‍ സിദാനടക്കമുള്ളവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിലെ കലാവിരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളും സംഘാടകര്‍ സസ്പെന്‍സാക്കി വെച്ചിരിക്കുകയാണ്. അഞ്ചാം തവണ ഒളിമ്പിക്സിനെത്തിയ ടേബിള്‍ ടെന്നിസ് താരം അജന്ത ശരത് കമലും രണ്ടുവട്ടം മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവുമാണ് 117 അംഗ ഇന്ത്യന്‍ സംഘത്തിന്റെ പതാകയേന്തുക. ദേശീയ പതാക ആലേഖനം ചെയ്ത സാരിയും ബ്ലൗസുമാകും ഇന്ത്യന്‍ വനിതകള്‍ ധരിക്കുക. ത്രിവര്‍ണ പതാകയുടെ അലങ്കാരമുള്ള ജാക്കറ്റും പാന്റ്‌സുമാകും പുരുഷ അത്ലറ്റുകള്‍ക്ക്.
ഇന്ത്യയില്‍ നിന്ന് 117 പേര്‍
206 രാജ്യങ്ങളില്‍ നിന്നായി 10714 അത്ലറ്റുകള്‍ 32 കായിക ഇനങ്ങളിലായി 329 മെഡല്‍ വിഭാഗങ്ങളില്‍ മത്സരിക്കും. ഇന്ത്യയില്‍ നിന്നും 16 ഇനങ്ങളിലായി 117 പേരാണുള്ളത്. ആറ് മലയാളികളാണ് ഇത്തവണ പാരിസിലെത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെത്തുന്നത് ഹരിയാനയില്‍ നിന്നാണ്, 24 പേര്‍. ടോക്യോയിലെ സുവര്‍ണതാരം നിരജ് ചോപ്ര, ബോക്‌സിങ്ങില്‍ അമിത് പാംഗല്‍, വനിതകളുടെ 400 മീറ്ററില്‍ കിരണ്‍ പാഹല്‍, അമ്പെയ്ത്തില്‍ ബജന്‍ കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരിയാനയില്‍ നിന്നാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഉള്‍പ്പെടെ പുരുഷ ഹോക്കിയില്‍ കൂടുതല്‍പ്പേരും പഞ്ചാബില്‍ നിന്നാണ്. 19 പേരാണ് അവിടെ നിന്നും ഒളിമ്പിക്‌സില്‍ മത്സരിക്കുന്നത്. ഷൂട്ടിങ്ങില്‍ സ്വിഫ്റ്റ കൗര്‍ സംറയും പഞ്ചാബുകാരിയാണ്. ആകെ 70 പുരുഷ കായികതാരങ്ങളും 47 വനിതകളും മത്സരിക്കുന്നു.
CONTENT HIGHLIGHTS;Hijab ban in Paris Olympics?: Who will light the Olympic torch?