ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് ഇന്ന് ഏവരും ചെയ്തുവരുന്നു. രണ്ട് തരം ഡയാലിസിസുകളാണുള്ളത്, ഹീമോ ഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാൽ പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തി വിടുകയും ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് രോഗിക്ക് വീട്ടിൽ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങൾ ഈ പെരിറ്റോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.
ഏകദേശം ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഈ പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിർദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവർത്തിക്കേണ്ടി വരും. ഇതിലൂടെ ഹീമോഡയാലിസിസിൽ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധരാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയൽ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.
ഡോ. ബിനോയ് വർഗീസ്
എസ് കെ ആശുപത്രി