Kerala

അന്ധവിശ്വാസങ്ങൾക്കെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹനാൻ എംപി

തൃശ്ശൂർ: അന്ധവിശ്വാസങ്ങൾക്ക് എതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹനാൻ എംപി. യുക്തി ചിന്ത പ്രോത്സാഹന ബില്ലാണ് അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബിൽ അവതരിപ്പിച്ചത്. കോൺഗ്രസിൽ കൂടോത്ര വിവാദം ഉയർന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്.

സമൂഹത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരായി യുക്തി ചിന്ത, വിമര്‍ശനാത്മക ചിന്ത, തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമെടുക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബില്‍. യുക്തി, ഭൗതികവ്യവഹാരം എന്നിവയിലൂന്നിയ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനായും ബില്‍ ലക്ഷ്യമിടുന്നു. രണ്ട് ബില്ലുകള്‍ക്കും അവതരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ ലോട്ട് അനുസരിച്ചായിരിക്കും ബില്ലുകള്‍ അവതരിപ്പിക്കുക.

കൂടാതെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബില്ലും ബെന്നി ബഹനാൻ എംപി പാർലമെന്റന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബിൽ പരാമർശിക്കുന്നത് രോഗം തിരിച്ചറിയാൻ ഉചിതമായ മാർഗനിർദേശങ്ങൾക്കായി സംവിധാനം സൃഷ്ടിക്കുക, ഓട്ടിസം ബാധിതർക്കുള്ള പ്രാഥമിക ഇടപെടൽ, ചികിത്സ, പിന്തുണ എന്നിവ ഉറപ്പുവരുത്തുക, ബാധിതരുടെ കുടുംബങ്ങൾക്കും സംരക്ഷിതർക്കും വേണ്ടിയുള്ള സഹായ പദ്ധതികൾ, ഓട്ടിസം സംബന്ധിച്ച ബോധവത്ക്കരണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്.