കുടിവെളള പ്രശ്‌നം കൊണ്ട് വലയുകയാണ് ഡല്‍ഹിയിലെ പീരഗര്‍ഹി പ്രദേശത്തെ നിവാസികള്‍. പ്രദേശവാസികള്‍ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് ടാപ്പുകളില്‍ നിന്ന് നീല നിറമുളള വെള്ളം ഒഴുകുന്നതാണ്. ഈ വെള്ളം കുടിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, കുളിക്കാനോ വസ്ത്രങ്ങള്‍ കഴുകാനോ പാത്രങ്ങള്‍ വൃത്തിയാക്കാനോ പോലും യോഗ്യമല്ല. ഇതോടെ വലിയ ദുരിതത്തിലാണ് നിവാസികള്‍. ശുചിമുറിയിലെ ടാപ്പില്‍ നിന്ന് നീല വെള്ളം ഒഴുകുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രൂക്ഷമായ ജലക്ഷാമത്തില്‍ വലയുകയാണ് പ്രദേശവാസികള്‍.
തങ്ങളുടെ വീടുകളിലേക്ക് മലിനജലം ഒലിച്ചിറങ്ങുന്നതും പുറത്ത് കെട്ടിക്കിടക്കുന്നതും അവരെ കൂടുതല്‍ നിരാശരാക്കുന്നെന്നാണ് ടൈംസ് നൗ നവഭാരത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംഭവം പീരഗര്‍ഹിയിലെയും മിയാന്‍വാലി കോളനിയിലെയും ഏകദേശം 1,500 കുടുംബങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. അഴുക്കുവെളളം കെട്ടിക്കിടക്കുന്നതിലൂടെ രോഗങ്ങള്‍ പടരാനുള്ള സാധ്യത ഏറെയാണ്. ഇതാണ് പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നത്.
“Aaj blue hai paani-paani…” turned into a reality in Delhi!
People of the capital were bored of regular water, so now for a change, the revolutionary government of @ArvindKejriwal is supplying blue water. Enjoy! pic.twitter.com/wfUaTB5nuR
— Sumiran Komarraju (@SumiranKV) July 26, 2024
ഡല്‍ഹി ജല ബോര്‍ഡിനും ജലമന്ത്രാലയത്തിനും പ്രദേശ വാസികള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. സഹായത്തിനായുള്ള അവരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ മാനിക്കാത്തതില്‍ പ്രദേശവാസികള്‍ രോഷാകുലരാണ്. കഴിഞ്ഞയാഴ്ച, പ്രദേശവാസികള്‍ തങ്ങളുടെ പ്രദേശത്തെ എംഎല്‍എയ്ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. റോഡ് ഉപരോധിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. എന്നിട്ടും അവരുടെ പരാതികള്‍ പരിഹരിക്കപ്പെട്ടില്ല.
കഴിഞ്ഞ മൂന്ന് മാസമായി പൊട്ടിയ അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മലിനജലം തെരുവിലേക്ക് ഒഴുകുകയാണ്. വീടുകള്‍ക്ക് പുറത്ത് കെട്ടിക്കിടക്കുന്ന ഈ വെള്ളം കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറി. എന്നാല്‍
മലിനീകരണ പ്രശ്‌നം ഇപ്പോള്‍ വീടിനുള്ളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ടാപ്പുകളില്‍ നിന്ന് പുറത്തേക്ക് വരുന്ന വെള്ളം ഭയാനകമാംവിധം നീലനിറത്തിലാണ്. അത് കുടിക്കാനോ കുളിക്കാനോ പാത്രങ്ങള്‍ കഴുകാനോ അനുയോജ്യമല്ലെന്ന് നിവാസികള്‍ പറയുന്നു. വെള്ളത്തിന്റെ അസാധാരണമായ നിറം ഒരു പുതിയ സംഭവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത് അവരുടെ ദുരിതം വര്‍ദ്ധിപ്പിച്ചു. നിരവധി പരാതികള്‍ നല്‍കിയിട്ടും, സ്ഥിതിഗതികള്‍ പരിഹരിക്കപ്പെടാത്തതിനാല്‍, തങ്ങളെ ബോധപൂര്‍വം അവഗണിക്കുകയാണെന്നാണ് അവര്‍ പറയുന്നു.